തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഓര്‍ഡിനറി സര്‍വ്വീസുകളിലും ടിക്കറ്റ് നിരക്ക് കുറക്കാന്‍ നീക്കം. ഓര്‍ഡിനറി സര്‍വീസുകളില്‍ 47.9 കിലോമീറ്റര്‍ വരെയുള്ള ദൂരത്തേക്ക് ടിക്കറ്റ് നിരക്ക് 49വരെ ഈടാക്കിയിരുന്ന സെസ് തുക ഒഴിവാക്കി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സെസ് ഒഴിവാക്കിയത്.
കെ.എസ്.ആര്‍.ടി.സി എംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഓര്‍ഡിനറി യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണിത്. ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് ശേഷം സെസ് ഇനത്തില്‍ 6.49 ലക്ഷം രൂപ കെഎസ്‌ആര്‍ടിസിക്ക് ലാഭം ലഭിച്ചിരുന്നു. സെസ് ഒഴിവാക്കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്രചെയ്യാന്‍ അനുവദിക്കുന്നതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് എംഡി സര്‍ക്കാരിനെ അറിയിച്ചു.