തിരുവനന്തപുരം : ശമ്പളം സ്വാഹ … മുഖ്യന്‍റെ ഉറപ്പും, ഹൈക്കോടതിയുടെ ഉത്തരവും കാറ്റില്‍ പറത്തി കെഎസ്ആര്‍ടിസി. കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി തീര്‍ക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കി രണ്ടുമാസം പോലും ആയില്ല. ശമ്പളം അടക്കമുളള എല്ലാ തുലച്ച് മാനേജ്മെന്റിന്‍റെ തീക്കളി. അഞ്ചാം തീയതി ശമ്പളം കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും കാറ്റില്‍പ്പറത്തി മുന്നോട്ടു പോകുന്ന മാനേജ്മെന്‍റ് പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും പാലിച്ചില്ല.
ഉറപ്പ് പാലിക്കുന്നതിന് പകരം ശമ്പളം ഗഡുക്കളായി നല്‍കാമെന്ന നിര്‍ദ്ദേശം വെച്ച് തൊഴിലാളി സംഘടനകളുടെയും തൊഴിലാളികളുടെയും അപ്രീതി ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്. കോര്‍പ്പറേഷനിലെ തൊഴിലന്തരീക്ഷം കലുഷിതമാക്കി ശമ്പളം നല്‍കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണ് മാനേജ് മെന്‍െറ് ശ്രമിക്കുന്നതെന്ന സംശയത്തിലാണ് തൊഴിലാളി യൂണിയനുകള്‍. ശമ്പളം അനിശ്ചിതമായി വൈകുകയും അത് നല്‍കാതെ നീട്ടി കൊണ്ടുപോകാന്‍ പുതിയ ഉപാധികള്‍ വെയ്ക്കുകയും ചെയ്തതതോടെ ഭരണാനുകൂല യൂണിയനുകള്‍ അടക്കം കടുത്ത പ്രതിഷേധത്തിലാണ്.
ശമ്പളം എന്ന് കിട്ടുമെന്ന തൊഴിലാളികളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടിനില്‍ക്കുമ്പോള്‍ വേതനം ഗഡുക്കളായി നല്‍കാമെന്ന ഉപാധി വെച്ചതോടെ വെട്ടിലായത് ഭരണാനുകൂല യൂണിയനുകളുടെ നേതൃത്വമാണ്. ചെയ്ത ജോലിക്കുളള ശമ്പളം ഗഡുക്കളായി ലഭിക്കാന്‍ അപേക്ഷ നല്‍കണമെന്ന് പറയുന്നത് രാജ്യത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ അതിന് നിയമം അനുവദിക്കുന്നുണ്ടോ എന്നാണ് തൊഴിലാളികള്‍ നേതൃത്വത്തോട് ചോദിക്കുന്ന ചോദ്യം. മുഖ്യമന്ത്രിയേയും സി.പി.എം – സി.പി.ഐ നേതൃത്വങ്ങളെയും ഭയന്ന് യൂണിയന്‍ നേതാക്കള്‍ പ്രതികരിക്കാതെ മാറിനില്‍ക്കുകയാണ്.
പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുന്ന തൊഴിലാളികളുടെ തലയില്‍ തീകോരിയിടാന്‍ മാനേജ്മെന്‍റിനെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ല എന്നാണ് നേതാക്കള്‍ പറയുന്നത്. മാനേജിങ്ങ് ഡയറക്ടര്‍ വിളിച്ച യോഗത്തില്‍ ശമ്പളത്തിന് ടാര്‍ഗറ്റ് വെയ്ക്കുന്നതിനോടും ഗഡുക്കളായി നല്‍കുന്നതിനോടും യോജിപ്പില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടും മാനേജ് മെന്റ് മുന്‍തീരുമാനത്തില്‍ തന്നെയാണ്. ശമ്പളം ഗഡുക്കളായി ലഭിക്കാന്‍ താല്പര്യം ഉളളവര്‍ ഈ മാസം 25നകം സമ്മതപത്രം നല്‍കണമെന്ന് അറിയിച്ച് മാനേജ് മെന്റ് ഉത്തരവിട്ടു.
ഗഡുക്കളായി വാങ്ങാന്‍ സമ്മതം നല്‍കുന്നവര്‍ക്ക് ആഞ്ചാം തീയതി ആദ്യ ഗഡു നല്‍കാമെന്നും സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്‍കാമെന്നുമാണ് ഉറപ്പ്. എന്നാല്‍ ശമ്പളം മുഴുവനായി വേണമെന്ന് താല്‍പര്യപ്പെടുന്ന തൊഴിലാളികള്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന്‍റെ ഉത്തരവ്. ശമ്പളം കൃത്യമായി ലഭിക്കാന്‍ സര്‍ക്കാരും മാനേജ്മെന്‍റും ആവശ്യപ്പെട്ട സിംഗിള്‍ ഡ്യൂട്ടി അടക്കമുളള എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും വഴങ്ങിയിട്ടും ഫലം ഉണ്ടായിട്ടില്ല.
കോര്‍പ്പറേഷനെ രക്ഷിക്കാനുളള ഒറ്റമൂലിയായി പറഞ്ഞ സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പാക്കിയിട്ടും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി എന്ന അവസ്ഥയിലാണ് തൊഴിലാളികള്‍. കുരങ്ങന്‍റെ കൈയ്യില്‍ പൂമാല കിട്ടിയത് പോലെ മാനേജ്മെന്റ് കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളാണ് കെ.എസ്.ആര്‍.ടി.സിയെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നാണ് ആക്ഷേപം.
2016 മുതല്‍ മാനേജ്മെന്റ് എടുത്ത തീരുമാനങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് എ.ഐ.ടി.യു.സിക്ക് കീഴിലുളള ട്രാന്‍സ്പോര്‍ട്ട് ഫെഡറേഷന്‍റെ ആവശ്യം. ഇത്രയും ഉട്ടോപ്യന്‍ ആശയങ്ങള്‍ നടപ്പാക്കിയ സംവിധാനം വേറെ ഉണ്ടാകില്ല. ആദിച്ച പിളളയ്ക്ക് പോതിച്ച പാട് എന്ന മട്ടിലേക്ക് കെ.എസ്.അര്‍.ടി.സി മാനേജ് മെന്‍റ് മാറി.
നാഥനും നന്ദനും ഇല്ലാതെ ചോദിക്കാനും പറയാനും ആളില്ലാതെ കയറൂരിവിട്ട മാനേജ്മെന്റ് സ്ഥാപനത്തെ കടിച്ചു മുറിച്ച് ചവച്ച് തുപ്പി തൊഴിലാളികളെ ഇല്ലായ്മ ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കിയതെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.ജി.രാഹുല്‍ പറഞ്ഞു. മാനേജ്മെന്റിനെ നിര്‍ലോഭം പിന്തുണക്കുന്ന സര്‍ക്കാരിനെയും സി.പി.ഐ സംഘടന വിമര്‍ശിക്കുന്നുണ്ട്.
തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ കാണിക്കേണ്ട രീതിയിലല്ല കെ.എസ്.ആര്‍.ടി.സിയോടുളള സര്‍ക്കാരിന്‍റെ നയം. എല്‍.ഡി.എഫ് സര്‍ക്കാരിന് തൊഴിലാളികളോട് കൂറും പ്രതിബദ്ധതയും പുലര്‍ത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിന് വിപരീതമായ കാര്യങ്ങളാണ് നടക്കുന്നതെന്നാണ് എ.ഐ.ടി.യു.സിയുടെ വിമര്‍ശനം. സ്വിഫ്റ്റ് കമ്പനി അംഗീകരിച്ചാല്‍ ശമ്പളം നല്‍കാമെന്ന് പറഞ്ഞും സിംഗിള്‍ ഡ്യൂട്ടിക്ക് സമ്മതിച്ചാല്‍ ശമ്പളം തരാം എന്ന് പറഞ്ഞും മാനേജ്മെന്റ് തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് യൂണിയനുകളുടെ ആരോപണം.
കോര്‍പ്പറേഷനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്ന കാര്യത്തില്‍ തുടര്‍ച്ചയായ ഇടപെടല്‍ വേണമെന്നും പാര്‍ട്ടിയുടെ അടിത്തറയാണ് പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ എന്നുമുളള സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് മാനേജ് മെന്റിന്‍െറ ഈ നിലപാടെന്ന് സി.ഐ.ടി.യു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തെ നന്നായി നയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വന്‍തുക ശമ്പളം വാങ്ങുന്ന മാനേജ്മെന്റ് ജോലി മതിയാക്കി പോകണമെന്നാണ് യൂണിയനുകളുടെ ആവശ്യം. ഇരുപത്തയ്യായിരം തൊഴിലാളികളെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന യൂണിയനുകള്‍ പണിമുടക്കിലേക്ക് പോകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
ഉത്തരവുകളിറക്കി പ്രകോപിപ്പിച്ച് പൊതു സമൂഹത്തിന് മുന്നില്‍ തൊഴിലാളി യൂണിയനുകളെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് സംശയിക്കുന്നത് കൊണ്ടാണ് പണിമുടക്കില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുന്നത്. സമരം വന്നാല്‍ ഒരു പരിഷ്കാരവും നടപ്പാക്കാന്‍ അനുവദിക്കാത്ത തൊഴിലാളി യൂണിയനുകളാണ് കോര്‍പ്പറേഷനെ നശിപ്പിക്കുന്നതെന്ന പ്രചാരണം തുടങ്ങി ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപെടാന്‍ മാനേജ്മെന്റ് ശ്രമിക്കുമെന്നും സംഘടനാ നേതാക്കള്‍ വിലയിരുത്തുന്നുണ്ട്. ശമ്പള പ്രതിസന്ധി നീണ്ടുപോയാല്‍ തൊഴിലാളികളും കുടുംബങ്ങളും സര്‍ക്കാരിനും ഇടത് പക്ഷത്തിനും എതിരാകുന്ന അവസ്ഥയുണ്ടാകുമെന്നാണ് ഭരണാനുകൂല യൂണിയനുകള്‍ സര്‍ക്കാരിന് നല്‍കുന്ന മുന്നറിയിപ്പ്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.