കൊച്ചി : കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ അഴിമതി നടന്നെന്ന മാനേജിങ് ഡയറക്ടറുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ ജുഡ് ജോസഫ് ആണ് കോടതിയെ സമീപിച്ചത്. പരാതി പരിശോധിച്ചെന്നും അന്വേഷണം ആവശ്യമില്ലെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കേസെടുക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
പോലീസ് എടുത്ത മൊഴിയുടെ പകര്‍പ്പ് പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷനില്‍ 100 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു എംഡിയുടെ വെളിപ്പെടുത്തല്‍.
ഓഡിറ്റിലെ കണ്ടെത്തലുകള്‍ ഗൗരവം ഉള്ളതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
2012-15 കാലയളവില്‍ നൂറ് കോടിയുടെ അഴിമതി നടന്നെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയെന്നും ഉന്നതരുടെ അറിവോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടികളുടെ കുംഭകോണം നടന്നെന്നുമാണ് ഹര്‍ജിയിലെ ആരോപണം.