തിരുവനന്തപുരം : സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും എന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സ്വകാര്യ ബസ് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസുടമകൾ യാഥാർത്ഥ്യ ബോധത്തോടെ പെരുമാറണം. നിയന്ത്രണങ്ങൾ വെച്ചത് ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ്. അടിയന്തിര യാത്രകൾ നടത്തേണ്ടവരുണ്ടാവും. വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് പോകേണ്ടതുണ്ട്. അതൊക്കെ പരിഗണിച്ചാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. കൂടുതൽ ആളുകൾ കയറാതിരിക്കാൻ പോലീസ് സഹായം തേടും. ആദ്യത്തെ ചില ദിവസങ്ങൾ കഴിഞ്ഞാൽ ജനങ്ങൾ പുതിയ രീതിയുമായി പൊരുത്തപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാർക്ക് വേണ്ടി കെഎസ്ആർടിസി സർവീസ് നടത്തിയപ്പോൾ ജനങ്ങൾ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ രീതിയുമായും ജനങ്ങൾ സഹകരിക്കുമെന്ന് കരുതുന്നു. സ്വകാര്യ ബസുടമകളുമായുള്ള ചർച്ചയിൽ നിന്നുണ്ടായ തീരുമാനം അല്ല ഇത്. സമരപ്രഖ്യാപനത്തിനു ശേഷം സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തുകയും സമരം അവർ പിൻവലിക്കുകയും ചെയ്തിരുന്നു. പണം ഉണ്ടാക്കലല്ല, അവശ്യ യാത്രകൾക്ക് സൗകര്യം ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.