വാഷിംഗ്ടണ്: കോവിഡിനെ പ്രതിരോധിക്കാൻ കഴിക്കുന്നത് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് വീണ്ടും വാദിച്ച് അമേരിക്കൻ പ്രസിസന്റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒന്നരയാഴ്ചയായി ഹൈഡ്രോക്സി ക്ലോറോക്വിൻ ആണ് ഉപയോഗിക്കുന്നത്. ഞാനിപ്പോഴും ഇവിടെ തന്നെയുണ്ട്, ഒന്നും സംഭവിച്ചില്ല -ട്രംപ് പറഞ്ഞു.
ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിനെതിരെ ഫലപ്രദമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും ഇതുസംബന്ധിച്ച ക്ലിനിക്കൽ പരീക്ഷണങ്ങൾ പാതിവഴിയിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. അങ്ങനെയുള്ളപ്പോൾ ഹൈഡ്രോക്സി ക്ലോറോക്വിന് അനുകൂല ഗുണങ്ങൾ ഉണ്ടെന്നതിന് എന്ത് തെളിവാണുള്ളതെന്ന ചോദ്യത്തിനും ട്രംപ് മറുപടി നൽകി.
ഒന്നാമത്തെ തെളിവ് ഞാനാണ്. നിരവധി ഫോണ് വിളികൾ എനിക്ക് ലഭിക്കുന്നുണ്ട്. എത്രയാളുകളാണ് ഈ മരുന്ന് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞാൽ നമ്മൾ ആശ്ചര്യപ്പെടും- ട്രംപ് വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ഹൈഡ്രോക്സി ക്ലോറോക്വിനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 15,50,294 ആയി. 91,981 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,56,383 പേരാണ് രോഗത്തെ അതിജീവിച്ചത്. 2,70,595 രോഗികൾ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ സംസ്ഥാനങ്ങളിൽ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോർക്കിൽ ആകെ മരണം 28,480 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,61,266. ന്യൂജേഴ്സിയിൽ മരണം 10,448. രോഗം ബാധിച്ചവർ 1,50,087. ഇല്ലിനോയിയിൽ മരണം 4,234. രോഗം സ്ഥിരീകരിച്ചവർ 96,485. മസാച്യൂസെറ്റ്സിൽ മരണം 5,862. രോഗം ബാധിച്ചവർ 87,052.
കാലിഫോണിയയിൽ രോഗം സ്ഥിരീകരിച്ചവർ 81,711. മരണം 3,321. പെൻസിൽവാനിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 66,674 ആയി ഉയർന്നു. 4,668 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണിൽ മരണം 4,915. രോഗം ബാധിച്ചവർ 51,915. ഫ്ളോറിഡയിൽ ആകെ രോഗബാധിതർ 46,442. മരണം 1,997 . ടെക്സസിൽ രോഗബാധിതർ 49,684. മരണം 1,369. കണക്ടിക്കട്ടിൽ രോഗം ബാധിച്ചവർ 37,419. മരണം 3,408. ജോർജിയയിൽ രോഗം സ്ഥിരീകരിച്ചവർ 38,283. മരണം 1,649. മെരിലാൻഡിൽ രോഗംബാധിച്ചവർ 39,762. മരണം 2,023. ലൂയിസിയാനയിൽ ഇതുവരെ 34,709 പേർക്ക് രോഗം കണ്ടെത്തി. 2,563 പേർ മരിച്ചു.