തിരുവനന്തപുരം : അടുത്തിടയായി കെ.എസ്.ആർ.ടി.സി ബസുകൾ കൊലയാളി വണ്ടികളാകുന്നതിന് കാരണമെന്താണെന്ന സംശയം പെരുകിയതോടെ അപകട കാരണം പഠിക്കാന്‍ ഡിപ്പോതലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണ സംവിധാനമുണ്ടെങ്കിലും ആദ്യമായാണ് പുറമേനിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കുന്നത്. ഡ്രൈവറുടെ പിഴവാണെങ്കില്‍ ജോലിയില്‍നിന്ന് പിരിച്ചുവിടും. സാങ്കേതിക തകരാറാണ് അപകട കാരണമെങ്കില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകും. തീരുമാനം ഇങ്ങനെയൊക്കെയാണെങ്കിലും മലപ്പുറം തലപ്പാറയിൽ താഴ്ചയിലേക്ക് മറിഞ്ഞ ബസടക്കം പിന്നെയും നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ അപകടമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇവയിൽ മിക്കതും ദീർഘദൂര സർവിസുകളാണ്. ഇത്തരം അപകടങ്ങളുടെ യഥാർഥ കാരണം അന്വേഷിച്ചുപോയാൽ 1999ലെ GO(P) 4/99-SRO 118/99 dt. 1/2/1999 എന്ന ഉത്തരവിലെത്തും.
ഈ ഉത്തരവ് പ്രകാരമാണ് കേരളത്തിലെ ഫാസ്റ്റ് അടക്കമുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ നിബന്ധനകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകള്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ബസുകളുപയോഗിച്ചും സൂപ്പര്‍ഫാസ്റ്റ് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതും എക്‌സ്പ്രസ് ബസുകള്‍ മുതല്‍ മുകളിലേക്ക് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ബസുകളും ഉപയോഗിച്ചാണ് സര്‍വിസ് നടത്തേണ്ടത്. അതിവേഗത്തില്‍ കൂടുതല്‍ കിലോമീറ്റർ സർവിസ് നടത്തുന്നത് കൊണ്ട് കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും റോഡിലെ മറ്റു വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും സുരക്ഷ ഉറപ്പാക്കാനാണ് ഈ നിബന്ധന വച്ചത്. പക്ഷേ, കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ സൂപ്പർക്ലാസ് ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാതായപ്പോള്‍ ബസുകളുടെ കാലപ്പഴക്ക നിയന്ത്രണത്തില്‍ ഇളവ് കൊടുത്തു. നിലവിൽ 10 വര്‍ഷം പഴക്കമുള്ള ബസുകള്‍ അതിവേഗ സർവിസിനുപയോഗിക്കുന്നുണ്ട്. പുതിയ ബസുവാങ്ങാന്‍ പണമില്ലാത്തതിനാല്‍ സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപ്പഴക്കം 12 വര്‍ഷമാക്കാൻ നടപടികളും തുടങ്ങിയിട്ടുണ്ട്.
1999ലെയും 2023ലെയും കേരളത്തിലെ റോഡുകളുടെ സ്ഥിതിയും വാഹനങ്ങളുടെ എണ്ണവും പരിശോധിക്കുമ്പോഴാണ് പഴയ ബസുകൾ ഉപയോഗിച്ച് അതിവേഗ യാത്ര നടത്തുന്നതിന്‍റെ അപകടം വ്യക്തമാകൂ.
1999ൽ 21,938 കിലോമീറ്റർ പി.ഡബ്ല്യു.ഡി റോഡാണ് ഉണ്ടായിരുന്നത്. 2023ൽ ഇത് 31,355 കിലോമീറ്ററായി. പലഭാഗങ്ങളും ദേശീയപാതയായതോടെ സംസ്ഥാന പാത 4128 കിലോമീറ്ററിൽ ഒതുങ്ങി. 1999ൽ ആകെ വാഹനങ്ങള്‍ 17,08,938 ആയിരുന്നുവെങ്കിൽ 2023ൽ 1,63,52,224 എണ്ണമായി. സ്വകാര്യ കാറുകള്‍ 2,28,824ൽ നിന്നും 34,62,157 ആയും ഓട്ടോകള്‍ 1,97,595ൽ നിന്നും 7,28,333 ആയും ഇരുചക്ര വാഹനങ്ങൾ 9,04,961ൽ നിന്നും 1,06,75,610 ആയും വർധിച്ചു. അതുകൊണ്ടുതന്നെ 1999ല്‍ നിശ്ചയിച്ച റണ്ണിങ് ടൈമില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് ഓടിയെത്താനാകില്ല.