കാട്ടാക്കട : കോവിഡ് സ്ഥിരീകരിച്ച കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഡ്രൈവറുടെ സമ്പര്‍ക്കപട്ടികയില്‍ നിരവധിപേര്‍.
ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന ആയിരത്തോളം പേരുള്ളതാണ് പ്രാഥമിക പട്ടിക. ഡിപ്പോയിലെ യൂണിറ്റ് ഓഫീസര്‍ അടക്കം 80 ശതമാനം ജീവനക്കാരും ക്വാറന്റീനിലാണ്. അതിനെതുടര്‍ന്ന് ഡിപ്പോ താല്‍ക്കാലികമായി അടച്ചിട്ടു.
രോഗം സ്ഥിരീകരിച്ച ഡ്രൈവര്‍ 12ന് എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലായിരുന്നു. തുടര്‍ന്ന് 14 മുതല്‍ 17 വരെ ഡിപ്പോയില്‍ ജോലി ചെയ്തു. ഡ്രൈവറുടെ മൈലോട്ടുമൂഴിയിലെ കുടുംബവീട്, അടുത്തുള്ള ചില സ്ഥാപനങ്ങള്‍, പാല് സൊസൈറ്റി എന്നിവിടങ്ങളില്‍ പോയതായി വ്യക്തമായിട്ടുണ്ട്.
കട്ടേയ്ക്കാട് മരണാനന്തരചടങ്ങിലും പങ്കെടുത്തു. എല്ലാ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് തയാറാക്കുന്നതെന്ന് ആമച്ചല്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശാന്തകുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച ഡ്രൈവറുടെ ഭാര്യ, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരുടെ ആന്റിജന്‍ പരിശോധന നടക്കും. ചാരുപാറ വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളാണ് കാട്ടാക്കട പഞ്ചായത്തിലെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി തയ്യാറാക്കുന്നത്.