തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ മിന്നൽ പണിമുടക്കിൽ ജീവനക്കാർക്കെതിരെ ഇന്ന് നടപടിയുണ്ടാകും. വിഷയം ആലോചിക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ജില്ലാ കളക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും തീരുമാനം.
ജനങ്ങളെ വലച്ച കെ.എസ്.ആര്‍.ടി.സിയുടെ മിന്നൽ പണിമുടക്കിൽ കടുത്ത നടപടികൾക്കാണ് ആലോചന. റോഡിന് കുറുകെ നിരത്തിയിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ച ബസുകളുടെയും ഓടിച്ചിരുന്ന ഡ്രൈവർമാരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കോർപ്പറേഷന്‍ എം.ഡിയോടും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വകുപ്പ് തല അച്ചടക്ക നടപടിയും ഉണ്ടാകും. പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് പ്രശ്നം വഷളാക്കാനിടയാക്കിയതെന്ന വികാരമാണ് ഗതാഗത വകുപ്പിന്. ഇക്കാര്യത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മേൽ നടപടികൾ.
പൊലീസിനെ കുറ്റപ്പെടുത്താതെ ജീവനക്കാർക്കെതിരെ ഏകപക്ഷീയമായ നടപടിയിലേക്ക് പോകുന്നത് തൊഴിലാളി യൂണിയനുകളെ വീണ്ടും പ്രകോപിതരാക്കും. കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യ സർവീസ് നിയമം ബാധകമാക്കണമെന്ന കളക്ടറുടെ ശുപാർശയിലും പ്രാഥമിക ചർച്ചകൾ ഉണ്ടാവുമെങ്കിലും അന്തിമ തീരുമാനത്തിന് മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കേണ്ടി വരും. ട്രാൻസ്പോർട്ട് സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി എം.ഡി, ഗതാഗത കമ്മിഷണർ തുടങ്ങിയവരാണ് ഗതാഗത മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുക. രാവിലെ 10ന് മന്ത്രിയുടെ ചേംബറിലാണ് യോഗം.