തിരുവനന്തപുരം : പൂഞ്ഞാറില്‍ വെള്ളക്കെട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി. ജയദീപ് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം. ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് സമീപം രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനെ തുടര്‍ന്നാണ് ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തത്.
മോട്ടോര്‍ വാഹന വകുപ്പ് 184 ആം വകുപ്പ് പ്രാകാരമാണ് നടപടി. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിന് ഇയാളെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു. സസ്പെന്‍ഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ പരിഹാസിച്ച് രംഗത്ത് വന്നിരുന്നു. കെഎസ്‌ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തു.