തിരുപ്പൂര്‍ : ഭാഗ്യം കൊണ്ടു മാത്രമാണ് നിസാര പരുക്കുകളോടെ ഞാന്‍ രക്ഷപ്പെട്ടത്. അപകടത്തില്‍പെട്ട ബസ്സില്‍ യാത്ര ചെയ്തിരുന്ന മലയാളി വിദ്യാര്‍ത്ഥിനി. തമിഴ്‌നാട്ടിലെ അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കുന്ന നിമിഷങ്ങൾ ഓർത്തെടുത്ത് മലയാളിയായ വിദ്യാർത്ഥിനി ശ്രീലക്ഷ്മി. അപകടം നടക്കുന്ന സമയത്ത് ബസിൽ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്നും ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് താൻ അപകടത്തിൽ നിന്നും നിസാര പരിക്കുകളോട് കൂടി രക്ഷപ്പെട്ടതെന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.
ബംഗളുരുവിൽ നിന്നും തൃശൂരിലേക്ക് ഒറ്റയ്ക്ക് വരികയായിരുന്ന ശ്രീലക്ഷ്മി അപകടത്തിൽ മരണപ്പെട്ട ബസിന്റെ കണ്ടക്ടറോടൊപ്പമാണ് ഇരുന്നിരുന്നത്. ഇടയ്ക്ക് വെച്ച് താൻ ഉറങ്ങിപ്പോയെന്നും അതിനാൽ കണ്ടക്ടർ സീറ്റിൽ നിന്നും എഴുന്നേറ്റ് പോയോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. കണ്ടക്ടർ മരിച്ച വിവരം വാർത്തകളിലൂടെയാണ് ഒടുവിൽ അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറയുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഒന്നുംതന്നെ ഓർമയിലില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ആകെ മനസിലുള്ളത്. അതിനുശേഷം എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായി എത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റവരെയെല്ലാം ആംബുലൻസിലേക്ക് കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവർക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ചികിത്സകൾ നൽകിയിരുന്നു. ഭീതിജനകമായ നിമിഷങ്ങളെ ഓർത്തെടുത്ത് കൊണ്ട് ശ്രീലക്ഷ്മി പറഞ്ഞു.