തണ്ണിത്തോട് : അധ്യയനവർഷം ആരംഭിച്ചിട്ടും തണ്ണിത്തോട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകൾ തുടങ്ങിയില്ല. കോവിഡുകാലത്തിന് മുൻപ് ഓർഡിനറി ബസുകളുണ്ടായിരുന്നു. പത്തനംതിട്ട, കരിമാൻതോട്, കോട്ടയം മെഡിക്കൽ കോളേജ്-കരിമാൻതോട് എന്നിവ പ്രധാന സർവീസുകൾ ആയിരുന്നു. രാവിലെ അഞ്ചിന് കരിമാൻതോട്ടിൽനിന്നു പുറപ്പെട്ട് പത്തനംതിട്ടയിൽ എത്തി കരിമാൻതോട് റൂട്ടിൽ രാത്രിവരെ സർവീസ് നടത്തുന്ന രീതിയിൽ ആയിരുന്നു ക്രമീകരണം. കോന്നി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ആങ്ങാമൂഴി, സീതത്തോട്, ചിറ്റാർ പ്രദേശങ്ങളിൽനിന്നു താലൂക്ക് ആസ്ഥാനത്ത് എത്താൻ കെ.എസ്.ആർ.ടി.സി.ബസുകൾ ഇല്ല. ആനത്താവളം, അടവി, ഗവി ടൂറിസം സർക്യൂട്ടുകൾ കോന്നിയെ ബന്ധപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.
ഇവിടേക്കും കെ.എസ്.ആർ.ടി.സി. ബസുകൾ ഇല്ല. ഗവിയിലേക്ക് ബസ് സർവീസ് വേണമെന്ന് തണ്ണിത്തോട് പഞ്ചായത്തും ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചിട്ടില്ല. സ്‌കൂൾ കുട്ടികളും ജീവനക്കാരും അടങ്ങിയ സ്ഥിരം യാത്രക്കാർ കരിമാൻതോട്ടിൽനിന്നു കോന്നിയിലേക്ക് വരുന്നുണ്ട്. അവരുടെ യാത്രാക്ലേശം പരിഹരിച്ച് കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണമെന്നാണ് ആവശ്യം. കോന്നിയിൽ കെ.എസ്.ആർ.ടി.സി.യുടെ ഓപ്പറേറ്റിങ് സെന്റർ ഉണ്ടെങ്കിലും ബസുകൾ തണ്ണിത്തോട് പഞ്ചായത്തിലേക്ക് അയയ്ക്കുന്നില്ല. മുൻപുണ്ടായിരുന്ന കരിമാൻതോട്-തൃശ്ശൂർ, കരിമാൻതോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുകളും നിർത്തലാക്കിയിരിക്കുകയാണ്. പത്തനംതിട്ട ഡിപ്പോയിൽനിന്നുമാണ് ഈ സർവീസുകളും പ്രവർത്തിപ്പിക്കുന്നത്.