പത്തനംതിട്ട : ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി വനിതാ കണ്ടക്ടറെ ബസ്സ്റ്റാൻഡിൽ ഭീഷണിപ്പെടുത്തുകയും മുണ്ടുപൊക്കി കാണിക്കുകയും ചെയ്ത സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ അന്വേഷണം പോലീസ് ദുർബലപ്പെടുത്തുന്നുവെന്ന് ആരോപണം. ജോലി തടസപ്പെടുത്തുകയും വനിതാ കണ്ടക്ടറെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ വകുപ്പുകൾ ചാർജ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഉന്നത പോലീസ് അധികാരികൾക്ക് കത്ത് അയച്ചു.
കഴിഞ്ഞ 14 ന് മുണ്ടക്കയം പത്തനംതിട്ട ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാരെ ആണ് മുണ്ടക്കയം എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർ അസഭ്യ വർഷം നടത്തുകയും വീഡിയോ ചിത്രീകരിക്കുന്നത് കണ്ട് മുണ്ട് പൊക്കി കാണിക്കാനും ശ്രമിച്ചത്. തുടർന്ന് പത്തനംതിട്ട ജില്ലാ ട്രാൻസ്‌പോർട് ഓഫീസറുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും പരാതികാരിയായ വനിതാ കണ്ടക്ടരുടെ മൊഴി എടുക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. എന്നാൽ സർക്കാർ വാഹനം തടഞ്ഞു നിർത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലിക്ക് തടസം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഒന്നും തന്നെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്ത്രീകളോട് ചെയ്യുന്ന അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകളുടെയും വകഭേദങ്ങൾ മാത്രമാണ് ചാർജ് ചെയ്തിരിക്കുന്നതെന്നും യൂണിയൻ ഭാരവാഹികളും ആരോപിക്കുന്നു.
കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലെ വനിതാ കണ്ടക്ടറെയും ഡ്രൈവറെയും വണ്ടി തടഞ്ഞു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തി മാനസികമായി തകർക്കുകയും വനിതാ കണ്ടക്ടറെ ഉടുതുണി പൊക്കി കാണിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്ക് രക്ഷപെടാനുള്ള സാഹചര്യമാണ് ലോക്കൽ പോലീസ് ഒരുക്കുന്നതെന്നും യൂണിയൻ ഭാരവാഹികൾ ആരോപിക്കുന്നു.
ജീവനക്കാരുടെ പരാതിയിൽ ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ ഔദ്യോഗികമായി സമർപ്പിച്ച പരാതിയിൽ ജോലി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രഥമ ദൃഷ്ട്യ നിലനിൽ ക്കുന്ന ഐപിസി 332 ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ എന്ന വകുപ്പ് പോലും ഉൾപ്പെടുത്തിയിട്ടില്ല. ജോലിക്കിടയിൽ യാത്രക്കാർ ഉൾപ്പെടെയുള്ള കെഎസ്ആർടിസി ബസ് തടഞ്ഞു വെച്ചത് സംഘം ചേർന്നുള്ള ക്രിമിനൽ ഫോഴ്സിംഗ് ഐപിസി 353 ഉം ഉൾപ്പെടുത്തിയതായി കാണുന്നില്ല. എഫ്ഐആറിലെ പാളിച്ചകൾ ജീവനക്കാർ എണ്ണമിട്ട് ചൂണ്ടിക്കാണിച്ചിട്ടും സംഭവത്തിന്റെ പ്രധാന തെളിവായ വീഡിയോയുടെ കാര്യത്തിലും ഉദാസീനമായ സമീപനം ആണ് പോലീസ് എടുക്കുന്നതെന്നും ഇവർ പറയുന്നു. മൊഴിയിലോ തെളിവെടുപ്പിന്റെ സമയത്തോ വീഡിയോയുടെ കാര്യം പരിഗണിക്കാത്തതും ജീവനക്കാരിൽ സംശയം ഉണർത്തുന്നുണ്ട്.
സംഭവത്തിലെ പ്രതികളിൽ ഒരാൾ പ്രമുഖ സിപിഐ നേതാവിന്റെ മകനാണെന്നാണ് ആരോപണം. വീഡിയോ ദൃശ്യങ്ങൾ ഇതിനുള്ള ശക്തമായ തെളിവ് ആയതുകൊണ്ടാണോ ഇതുൾക്കൊള്ളിക്കാൻ തയ്യാറാകാത്തതെന്നും ജീവനക്കാർ ചോദിക്കുന്നു. സംഭവം കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതോടെ ഡയറക്ടറുടെ നിർദേശാനുസരണം പ്രതികൾക്കെതിരെ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആർടിസി പത്തനംതിട്ട ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ തിങ്കളാഴ്ച വീണ്ടും കോട്ടയം എസ്പിയ്ക്ക് പരാതി നൽകി.