തിരുവനന്തപുരം : ദേശസാത്കൃത റൂട്ടുകളിൽ സ്കീം തയാറാക്കുന്നതിൽ വീഴ്ചവരുത്തിയതിനു പിന്നാലെ, കേസ് നടത്തിപ്പിലും സർക്കാറിന് കാലിടറിയതോടെ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ ഗുരുതര ഭീഷണിയിൽ. ദീര്‍ഘദൂര റോഡുകളിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രം സർക്കാർ നൽകിയിരുന്ന സർവിസ് അധികാരം ഹൈകോടതി റദ്ദാക്കിയതാണ് കടുത്ത പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. സ്കീം തയാറാക്കുന്നതിൽ ഗതാഗത വകുപ്പിനുണ്ടായ പാളിച്ചയാണ് കോടതി നടപടികൾക്ക് കാരണം. അനുകൂലമായി മുമ്പ് ലഭിച്ച സുപ്രീംകോടതി ഉത്തരവുകളടക്കം കോടതിയിൽ ചൂണ്ടിക്കാട്ടുന്നതിൽ സർക്കാർ പരാജയപ്പെടുകയും ചെയ്തു. 31 സംരക്ഷിത റൂട്ടുകളിലെ 1700 സൂപ്പര്‍ക്ലാസ് സര്‍വിസുകളില്‍ നിന്നുള്ള വരുമാനമാണ് കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക നട്ടെല്ല്. ഈ വരുമാനം ഉപയോഗിച്ചാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ സർവിസുകൾ നടത്തുന്നതും.
കോടതിവിധിയോടെ കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള സുപ്രധാനമായ 31 റൂട്ടുകളിൽ സ്വകാര്യ ബസുകൾക്കും എത്ര കിലോമീറ്ററും ഓടാനുള്ള അനുമതിയാണ് ലഭിക്കുക. സുപ്രീംകോടതി ഉത്തരവനുസരിച്ച് കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത 241 റൂട്ടുകളിലേക്ക് തിരിച്ചെത്താനും സ്വകാര്യ ബസുകൾക്ക് സാധിക്കും. ദീർഘദൂര സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് അടുത്തിടെ നിരവധി പ്രീമിയം ബസുകള്‍ ഇറക്കിയിരുന്നു. 60 സൂപ്പർഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറും എട്ട് എ.സി സ്ലീപ്പറും 10 സ്ലീപ്പർ കം സീറ്ററും എട്ട് സെമി സ്ലീപ്പറുമടക്കം വാങ്ങാൻ ഓർഡർ നൽകുക കൂടി ചെയ്തിരിക്കെയാണ് ഈ പ്രഹരം.