കൊച്ചി: കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സൂപ്പർ ഫാസ്റ്റ് എസി ബസ് സൂപ്പർ ഹിറ്റ്. വേനലവധിക്കൊപ്പം കടുത്ത ചൂടും അനുഭവപ്പെടുന്നതിനാൽ സുഖകരമായ യാത്രയ്ക്ക് പലരും എസി ബസുകളെ കൂടുതൽ ആശ്രയിച്ചതോടെയാണ് കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ബസ് ഓടിച്ചത്. ആദ്യ ഓട്ടത്തിൽ തന്നെ മികച്ച കളക്ഷനാണ്. ഗ്ലാസ് വിൻഡോകളുള്ള പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ കോർപറേഷന്റെ സ്വന്തം വർക്ക്ഷോപ്പുകളിൽ എസി ബസുകളാക്കി മാറ്റിയാണ് പരീക്ഷണ ഓട്ടം നടത്തിയത്. പുതിയ എസി ബസുകളിൽ യാത്ര ചെയ്യാൻ സാധാരണ സൂപ്പർ ഫാസ്റ്റ് ബസുകളേക്കാൾ 10 ശതമാനം കൂടുതൽ നിരക്ക് മാത്രമേ യാത്രക്കാർ നൽകേണ്ടതുള്ളു.
പകൽ നേരങ്ങളിൽ പരമാവധി സർവീസ് നടത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബസ് പൂർണമായി തന്നെ സർവീസ് നടത്തി. എസി സംവിധാനത്തെക്കുറിച്ചു യാത്രക്കാരിൽ നിന്ന് ഒരു പരാതി പോലും ഇല്ല. പുതിയ സൗകര്യങ്ങളിൽ യാത്രക്കാർ സംതൃപ്തരാണെന്നു കോർപറേഷൻ അധികൃതർ പറയുന്നു. തിരുവനന്തപുരത്തെ തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് ദിവസവും രാവിലെ 8 മണിക്ക് ആരംഭിച്ച് കൊല്ലം, കായംകുളം, ആലപ്പുഴ, വൈറ്റില വഴി ഉച്ചയ്ക്ക് 1.30 ന് എറണാകുളം ബസ് സ്റ്റേഷനിൽ എത്തുന്ന തരത്തിലാണ് പുതിയ സൂപ്പർ ഫാസ്റ്റ് എസി ബസ് സർവീസ്. മടക്ക യാത്ര വൈകീട്ട് 4.15 ന് എറണാകുളം ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 9.45 ന് തമ്പാനൂരിൽ എത്തും. അഞ്ച് മണിക്കൂറും 50 മിനിറ്റുമാണ് എറണാകുളം- തിരുവനന്തപുരം യാത്രാ സമയം.
ചാലക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെവി കൂൾ കമ്പനി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് എസി സംവിധാനമാണ് ബസിൽ ഉള്ളത്. നാല് ബാറ്ററികളിലാണ് സിസ്റ്റം പ്രവർത്തിക്കുന്നത്. എൻജിനുമായി നേരിട്ട് ബന്ധമില്ല. എൻജിൻ ഓണാക്കാതെ തന്നെ എസി ഓണാക്കാം. മൂന്ന് ആഴ്ചത്തേക്ക് ഒരു ബസ് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നുണ്ട് ഇപ്പോൾ. യാത്രക്കാരിൽ നിന്നു നല്ല പിന്തുണ ലഭിച്ചാൽ കൂടുതൽ സൂപ്പർ ഫാസ്റ്റ് ബസുകൾ എയർ കണ്ടീഷൻ ചെയ്തവയാക്കി മാറ്റും. 40 സ്വിഫ്റ്റ് സൂപ്പർ ക്ലാസ് ബസുകളിൽ എസി സംവിധാനം ഘടിപ്പിക്കാനാണ് പദ്ധതി- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരു ബസ് മാറ്റാൻ കെഎസ്ആർടിസിക്ക് ഏകദേശം ആറ് ലക്ഷം രൂപയാണ് ചെലവ്. ബസ് പൂർണ ഇരിപ്പിട ശേഷിയിൽ ഓടിയാൽ സർവീസുകൾ ലാഭകരമാകും. തണുത്ത വായു തുല്യമായി വിതരണം ചെയ്യപ്പെടുന്ന തരത്തിലാണ് എയർ ഡക്റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. അതായത് നിൽക്കുന്ന യാത്രക്കാർക്കും എസിയുടെ തണുപ്പ് അനുഭവപ്പെടും. നേരത്തെ ഇറക്കിയ എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ വിജയകരമായിരുന്നു. പിന്നാലെയാണ് സ്വിഫ്റ്റിലും സൂപ്പർ ഫാസ്റ്റ് എസി സേവനം നടപ്പാക്കുന്നത്.
എസി സൂപ്പർ ഫാസ്റ്റിന്റെ ടിക്കറ്റ് നിരക്കുകൾ
എറണാകുളം- തിരുവനന്തപുരം: 303 രൂപ
എറണാകുളം- കൊല്ലം: 213 രൂപ
എറണാകുളം- കായംകുളം: 162 രൂപ
എറണാകുളം- ആലപ്പുഴ: 97 രൂപ