റാന്നി: കോന്നി-പ്ലാച്ചേരി പാതയുടെ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ ബ്ലിംഗർ ലൈറ്റുകൾ പുനഃസ്‌ഥാപിക്കാതെ കെഎസ്ടിപിയും റോഡ് സുരക്ഷാ അതോറിറ്റിയും. പുനലൂർ-മുവാറ്റുപുഴ പാതയിൽ പ്ലാച്ചേരിക്കും ഉതിമൂട് വെളിവയൽപടിക്കും മധ്യേ അപകടങ്ങൾ വർധിക്കുമ്പോഴാണി സ്‌ഥിതി. പ്ലാച്ചേരി, ചെല്ലക്കാട്, കാവുങ്കൽപടി, മാമുക്ക്, റാന്നി വലിയപാലം എന്നിവിടങ്ങളിൽ റോഡ് സുരക്ഷാ അതോറിറ്റി മുൻപ് ബ്ലിംഗർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ജംങ്ഷനു വീതി കുറവാണെന്നു ചൂണ്ടിക്കാട്ടി മാമുക്ക് ജംങ്ഷനിലെ ലൈറ്റുകൾ ഓഫാക്കിയിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ വീതി കൂടിയിട്ടുണ്ട്.
പാതയുടെ നവീകരണത്തിനിടെ ലൈറ്റുകൾക്കും മറ്റും തകരാർ നേരിട്ടതിനാൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. പുതിയവ സ്‌ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവിശ്യം ശക്തമാണ്. പ്ലാച്ചേരി, ചെല്ലക്കാട് ജംങ്ഷനുകള്‍ അപകട മേഖലയാണ്. ചെല്ലക്കാട് ജംങ്ഷനിലെ പഴയ റോഡിൽ നിന്നിറങ്ങി വരുന്ന വാഹനങ്ങൾ പുനലൂർ-മൂവാറ്റുപുഴ പാതയിലൂടെ എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങൾ ഉണ്ടാകുന്നത്. പഴയ റോഡിനോടു ചേർന്ന് ഇവിടെ ബ്ലിംഗർ ലൈറ്റ് സ്‌ഥാപിക്കേണ്ടത് അത്യാവശ്യമാണ്. റാന്നി വലിയപാലത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള വിളക്ക് പ്രകാശിപ്പിക്കാനും നടപടി വേണം. കൂടാതെ മന്ദമരുതി, മന്ദിരം, ഉതിമൂട് എന്നീ ജംങ്ഷനുകളിലും കൂടുതൽ ശ്രദ്ധിക്കപ്പെടത്തക്ക വിധത്തിൽ ബ്ലിംഗർ ലൈറ്റുകൾ സ്‌ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.