കൊച്ചി: മഹാരാജാസ് കോളജിൽ കെ.എസ്.യു പ്രവർത്തകർക്ക് മർദനമേറ്റു. കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സർഗ കൾച്ചറൽ പരിപാടിക്കിടെയാണ് എസ്.എഫ്.ഐ ജില്ലാ പ്രസിഡൻറ് ആശിഷ്, വൈസ് പ്രസിഡൻറ് നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിന് പുറത്തു നിന്നെത്തിയവരുടെ സഹോയത്തോടെയാണ് ആക്രമണം നടത്തിയതെന്ന് കെ.എസ്.യു വാർത്താക്കുറിപ്പിൽ പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡൻറ് ഹുസൈനുൽ ജുനൈസിന് ആക്രമണത്തിൽ പരിക്കേറ്റു. യൂണിറ്റ് പ്രസിഡൻറ് ലസീഖ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരെയും മർദിച്ചു.
നേരത്തെ എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റലിൽ കയറി ജുനൈസ് പങ്കെടുത്ത ദേശീയ കായിക മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകൾ നശിപ്പിച്ചിരുന്നുവെന്നും കെ.എസ്.യു അറിയിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെ ഉണ്ടായ എസ്.എഫ്.ഐ ഗുണ്ടായിസം പ്രതിഷേധാർഹമാണെന്നും അക്രമ രാഷ്ട്രീയത്തെ പ്രതിരോധിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു. വിഷയത്തിൽ കെ.എസ്.യു സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ അറിയിച്ചു.