പത്തനംതിട്ട : കെഎസ്‌യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ എസ് പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനു നേരെ പോലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
കേരളം ഇന്നുവരെ അഭിമുഖീകരിക്കാത്ത നിലയിൽ കൊള്ളയും കള്ളക്കടത്തും നടത്തുന്ന നിലയിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നു. ഇതിനെതിരെ ശബ്ദമുയർത്തുന്ന വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്ന ഡ്രാക്കുളകളായി പിണറായിയുടെ പോലീസ് മാറിയിരിക്കുന്നു എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. വി എസ് ജോയി പറഞ്ഞു.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെഎസ്‌യു ജില്ലാ ഭാരവാഹികളായ രാഹുൽ കൈതയ്ക്കൽ, ആഘോഷ് വി സുരേഷ്, റെനോ പി രാജൻ, റോബിൻ മോൻസി, നെസ്മൽ കാവിള, അലൻ ജിയോ മൈക്കിൾ, നന്ദു ഹരി, അൽഷിഫാ മുഹമ്മദ്, അഖിൽ അഴൂർ എന്നിവർ പ്രസംഗിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മോൻസി, സുബ്ഹാൻ അബ്ദുൽ മുത്തലിബ്, നന്ദു ഹരി, അഭിജിത്ത് സോമൻ, ജോമി വർഗീസ്, ഇജാസ് ഖാൻ എന്നിവർക്ക് പരിക്കേറ്റു.