തിരുവല്ല : രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്നതാണ് മന്ത്രി കെ. ടി. ജലീലിന്റെ രാജി എന്ന സി.പി.എം വാദം ബാലിശവും അതേപോലെതന്നെ പരിഹാസ്യവുമാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. പിടിച്ചുനിൽക്കാനുള്ള എല്ലാ ശ്രമവും വിഫലമായി, ഒടുവിൽ കച്ചിത്തുരുമ്പ് പോലും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. ഹൈക്കോടതിയുടെ തിരിച്ചടി കൂടി ഉണ്ടായാൽ ഉള്ള അപമാനഭയമാണ് നിൽക്കകള്ളിയില്ലാതെ രാജിയിലേക്ക് എത്തിച്ചത്. അഴിമതിക്ക് കൂട്ടുനിന്ന മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ടു.
ധാർമികതയുടെ പേരില്‍ ആയിരുന്നുവെങ്കിൽ ലോകായുക്ത വിധി വന്നയുടൻ ആയിരുന്നു രാജി വെക്കേണ്ടത്. എന്നാല്‍ ഇതിനു തുനിയാതിരുന്ന ജലീലിനെ മുഖ്യമന്ത്രിയും നിയമ മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ന്യായീകരിക്കുകയായിരുന്നു. ഇപ്പോൾ രാഷ്ട്രീയ ധാർമികതയുടെ പേരിൽ മേനി നടിക്കാൻ ശ്രമിക്കുമ്പോൾ ബന്ധു നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്തികൊണ്ടുള്ള ഫയലിൽ ഒപ്പ് വെച്ച മുഖ്യമന്ത്രിയ്ക്ക് ഇത് ബാധകമല്ലേ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. അഴിമതിയും സ്വജനപക്ഷപാതവും സംബന്ധിച്ച് പാർട്ടി നയരേഖയിൽ പറയുന്ന കാര്യങ്ങൾ നഗ്നമായി ലംഘിച്ചവരെ പോലും സംരക്ഷിച്ച് സംരക്ഷിച്ച് മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇന്ന് പാർട്ടിയും മുന്നണിയും എത്തി നിൽക്കുന്നതെന്നും പുതുശ്ശേരി പറഞ്ഞു.