തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസ് വിദേശത്തേക്ക് ചന്ദനം കടത്തിയതായി എന്‍.ഐ.എയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ റമീസ് പോയത് ചൈനയിലേക്ക് ചന്ദനം കടത്തുന്നതിന് വേണ്ടിയാണെന്നും എന്‍.ഐ.എ പറയുന്നു. സ്വര്‍ണത്തിനൊപ്പം ചന്ദനവും അനുബന്ധ ഉത്പന്നങ്ങളും കടത്താന്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ റമീസ് എന്‍.ഐ.എയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യാന്തര ചന്ദനക്കടത്ത് മാഫിയയുമായി സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷിക്കും.
ടാന്‍സാനിയയില്‍ നിന്നുള്ള ചന്ദനം കര്‍ണാടക, വയനാട്, മറയൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചന്ദനവുമായി ചേര്‍ത്ത് മിശ്രിതമാക്കിയാണ് ചൈനയില്‍ വിറ്റഴിച്ചിരുന്നത്. ബുദ്ധക്ഷേത്രങ്ങളില്‍ അവശ്യവസ്തുവായ ചന്ദനത്തിന് ചൈനയില്‍ കോടികളാണ് വില. ഇതാണ് അവിടേക്ക് ചന്ദനം കടത്താന്‍ റമീസിനെ പ്രേരിപ്പിച്ചതെന്നും എന്‍.ഐ.എ പറയുന്നു.
സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ച പലരും ചന്ദനക്കടത്തിലും പണം മുടക്കിയതായാണ് എന്‍.ഐ.എ സംശയിക്കുന്നത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ 13ാം പ്രതി കെ.ടി. ഷറഫുദ്ദീനൊപ്പമാണ് റമീസ് ടാന്‍സാനിയയിലെത്തിയത്. വജ്ര വ്യാപാരത്തിനു വേണ്ടിയാണ് ടാന്‍സാനിയയില്‍ പോയതെന്നാണ് പറഞ്ഞതെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ചന്ദനക്കടത്തായിരുന്നു ലക്ഷ്യമെന്ന് റമീസ് സമ്മതിച്ചു. ടാന്‍സാനിയയിലെ രഹസ്യ കേന്ദ്രത്തില്‍ തോക്കുമായി നില്‍ക്കുന്ന റമീസിന്റെ ചിത്രം നേരത്തെ എന്‍.ഐ.എയ്ക്ക് ലഭിച്ചിരുന്നു.
ടാന്‍സാനിയയില്‍ ചന്ദന വ്യാപാരത്തിന് ലൈസന്‍സുണ്ടെന്ന് പറഞ്ഞെങ്കിലും ഇതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ റമീസിന് കഴിഞ്ഞില്ല. ചില പ്രശ്നങ്ങളുണ്ടായതിനാല്‍ ചന്ദനം വെട്ടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് ബിസിനസ് ഉപേക്ഷിച്ചു മടങ്ങിപ്പോയെന്നുമാണ് റമീസിന്റെ മൊഴി. എന്നാല്‍ ഇക്കാര്യം എന്‍.ഐ.എ. വിശ്വസിക്കുന്നില്ല.ടാന്‍സാനിയയില്‍ ചന്ദന ബിസിനസിനു നിയന്ത്രണമില്ല. ചന്ദനം ഉത്പന്നങ്ങളും വജ്രവും സ്വര്‍ണവും ലഹരിയും ഗള്‍ഫിലെത്തിച്ചശേഷം അവിടെനിന്ന് ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കടത്തുകയാണ് സാധാരണയായി ചെയ്തുവരുന്നത്.
സ്വര്‍ണക്കടത്തു തുടങ്ങുന്ന സമയത്ത് (2019 നവംബറില്‍) റമീസ് കേരളത്തിലേക്ക് 13 തോക്കുകള്‍ കടത്തിയതായും കണ്ടെത്തിയിരുന്നു. അവിടെനിന്നു വാങ്ങിയ എയര്‍ഗണ്‍ ഉപയോഗിച്ചാണ് വയനാട്ടില്‍ മാനിനെ വെടിവച്ചത്. റമീസിന്റെയും ഷറഫുദ്ദീന്റെയും ടാന്‍സാനിയ യാത്രകള്‍ക്ക് ഭീകരവാദ ബന്ധവും സംശയിക്കുന്നുണ്ട്. കള്ളക്കടത്തില്‍ പണം നിക്ഷേപിക്കുന്നവര്‍ ഇതില്‍ നിന്നുള്ള ലാഭം സ്വീകരിക്കാതെ വീണ്ടും വീണ്ടും കള്ളക്കടത്തില്‍ തന്നെ നിക്ഷേപിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ടു കണ്ടെത്താനാണെന്ന് സംശയിക്കണം.