കൊച്ചി : കേരളാ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ പരീക്ഷകള്‍ കേരളാ ഹൈക്കോടതി റദ്ദ് ചെയ്തു. ഇതുവരെ നടത്തിയ മൂന്നു പരീക്ഷകള്‍ ഉള്‍പ്പെടെയാണ് റദ്ദ് ചെയ്തത്. യു.ജി.സിയുടെ നിര്‍ദ്ദേശപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ പരീക്ഷകള്‍ നടത്താന്‍ പാടുള്ളൂവെന്നും കോടതി പറഞ്ഞു.
കോവിഡ് വ്യാപന സമയത്ത് ഓഫ് ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ വിദ്യാര്‍ഥികള്‍ വന്‍ പ്രക്ഷോഭമാണ് നടത്തിവന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം വകവെക്കാതെ പരീക്ഷാ നടപടികളുമായി നീങ്ങുകയായിരുന്നു കെ.റ്റി.യു. ഓണ്‍ ലൈന്‍ പരീക്ഷ നടത്തണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. അതിനു കഴിയുന്നില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ മാര്‍ക്കോ ഇന്റെണല്‍ അസസ്മെന്റ് മാര്‍ക്കോ അടിസ്ഥാനപ്പെടുത്തി ഫലം പ്രഖ്യാപിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാതെ യൂണിവേഴ്സിറ്റി അധികൃതര്‍ നീങ്ങുകയായിരുന്നു.
കേരളാ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ നടപടിക്കെതിരെ എട്ടു വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ന്യൂട്ടണ്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ ഹാജരായി.