കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ ജില്ലാ ജയിലിലെ മറ്റൊരു സെല്ലിലേക്കു മാറ്റി. ജയില്‍ അധികൃതര്‍ക്കു ജോളിയെ നിരീക്ഷിക്കാനുള്ള എളുപ്പത്തിനു വേണ്ടിയാണ് സെല്‍ മാറ്റം. ജോളിയുള്‍പ്പെടെ 4 തടവുകാരാണു പുതിയ സെല്ലിലുള്ളത്. ജോളിക്കു സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് രാത്രി കാവലിനായി ഒരു ജീവനക്കാരിയെ കൂടി നിയോഗിച്ചു. ജയിലില്‍ ജോളിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നു ജയില്‍ ഡിഐജി കഴിഞ്ഞ ദിവസം ജയില്‍ ഡിജിപിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജോളിയുടെ സെല്ലില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദേശവും ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഡിജിപിയുടെ അനുമതി ലഭിച്ചാല്‍ ക്യാമറ സ്ഥാപിക്കും.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇന്നലെ വൈകിട്ട് അഞ്ചിനാണ് ജോളിയെ ജില്ലാ ജയിലിലെത്തിച്ചത്. ഇടതു കൈത്തണ്ടയില്‍ കടിച്ചു മുറിവുണ്ടാക്കിയ ശേഷം ശുചിമുറിയിലെ ടൈലിന്റെ അഗ്രഭാഗത്ത് ഉരച്ചു മുറിവു വലുതാക്കിയെന്ന് ഡോക്ടര്‍മാര്‍ക്കു നല്‍കിയ മൊഴി ജോളി ജയില്‍ അധികൃതരോടും ആവര്‍ത്തിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ആത്മഹത്യാശ്രമത്തിനു ജോളിക്കെതിരെ കസബ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ജയിലിലെത്തിയ പോലീസ് സംഘം ആത്മഹത്യാശ്രമം നടന്ന സെല്‍ പരിശോധിച്ചു. ജോളിയുടെ രക്തം പുരണ്ട പുതപ്പ് കസ്റ്റഡിയിലെടുത്തു. കോടതിയുടെ അനുമതി വാങ്ങിയ ശേഷം ജോളിയുടെയും സഹതടവുകാരിയുടെയും മൊഴിയെടുക്കും.