കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച നോട്ടറി അഭിഭാഷകനെ പ്രതിയാക്കി റോയി വധക്കേസില്‍ അന്വേഷണസംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
ഒന്നാം പ്രതി ജോളി ജോസഫ് ഭര്‍തൃപിതാവ് ടോം തോമസിന്റെ പേരിലുള്ള പൊന്നാമറ്റം വീടും പറമ്പും കൈക്കലാക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച കുന്ദമംഗലത്തെ നോട്ടറി പബ്ലിക് അഡ്വ. സി. വിജയകുമാറിനെയാണ് കേസില്‍ അഞ്ചാം പ്രതിയാക്കിയത്.
വ്യാജരേഖ ചമക്കല്‍, പ്രതികളുമായി ചേര്‍ന്നുള്ള ഗൂഢാലോചന വകുപ്പുകള്‍ ചേര്‍ത്ത് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്. ഹരിദാസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കുറ്റപത്രം വ്യാഴാഴ്ചയാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. 15 തൊണ്ടിമുതല്‍ ലഭിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ വിജയകുമാറിനെ പ്രതിചേര്‍ക്കാന്‍ കോടതിയും നോട്ടറി നിയമപ്രകാരം വേണ്ട അനുമതി നിയമവകുപ്പും നല്‍കിയതിനു പിന്നാലെയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സാക്ഷിപ്പട്ടികയിലായിരുന്നു വിജയകുമാര്‍.
ഒസ്യത്തില്‍ ഒപ്പിട്ട മനോജ് പ്രതിയായിട്ടും പകര്‍പ്പില്‍ ഒപ്പിട്ട നിയമപരമായി ഉത്തരവാദിത്തമുള്ള നോട്ടറി സാക്ഷി മാത്രമായത് ആക്ഷേപത്തിനിടയാക്കിയിരുന്നു. യഥാര്‍ത്ഥ ഒസ്യത്ത് പരിശോധിക്കാതെ ഒപ്പുവെച്ചു, നോട്ടറി രജിസ്റ്ററില്‍ ടോം തോമസിെന്റ പേരെഴുതി വ്യാജ ഒപ്പിട്ടു, പോലീസിനും മജിസ്ട്രേറ്റിനും വ്യത്യസ്ത മൊഴികള്‍ നല്കി തുടങ്ങിയവയാണ് നോട്ടറിക്കെതിരായ പ്രധാന തെളിവുകള്‍.
വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യവെ ടോം തോമസ് വിവിധ ഫയലുകളില്‍ രേഖപ്പടുത്തിയ ഒപ്പുസഹിതം കണ്ണൂരിലെ ഫോറന്‍സിക് ഡോക്യുമെന്റ് സെക്ഷനില്‍ അയച്ച് പരിശോധിച്ചപ്പോഴാണ് രജിസ്റ്ററിലെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഒസ്യത്ത് തയ്യാറാക്കി ഒന്നരമാസം കഴിഞ്ഞാണ് ടോം തോമസിന്റെ മരണം. സ്വത്ത് കൈക്കലാക്കിയശേഷം കൊലപ്പെടുത്തുക എന്ന ആസൂത്രണം വെളിവാക്കുന്നതാണിതെന്നാണ് വിലയിരുത്തല്‍. മാത്രമല്ല വ്യാജ ഒസ്യത്തിനെക്കുറിച്ചു നടന്ന അന്വേഷണമാണ് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃ മാതാവ് അന്നമ്മ, ഭര്‍തൃപിതാവ് ടോം തോമസ്, ഭര്‍തൃ മാതാവിന്റെ സഹോദരന് മാത്യു, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി, സിലിയുടെ മകള്‍ ആല്ഫൈന് എന്നിവരുടെ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
റോയ് തോമസിന്റെ ഭാര്യ ജോളി, കൊലപാതകത്തിന് സയനൈഡ് കൈമാറിയ എം.എസ്. മാത്യു, സയനൈഡ് എത്തിച്ചുനല്‍കിയ പ്രജികുമാര്‍, വ്യാജ ഒസ്യത്ത് നിര്‍മാണത്തിന് സഹായിച്ച മനോജ് കുമാര്‍ എന്നിവരാണ് കേസിലെ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍.