പന്തളം : ജില്ലാ കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ കുളനട പ്രീമിയം കഫേ ഹാളിൽ നടത്തിയ ഭക്ഷ്യമേള സമാപിച്ചു. സമാപനയോഗം മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ് ആദില അധ്യക്ഷത വഹിച്ചു. ഏപ്രിൽ 28 മുതൽ മെയ് രണ്ടുവരെ കുളനട പ്രീമിയം കഫേയിൽ നടത്തിയ ഭക്ഷ്യമേളയിൽ പരിചയസമ്പത്തുള്ള ജില്ലയിലെ മികച്ച സംരംഭകരുടെ ഭക്ഷ്യവിപണന സ്റ്റാളുകൾക്ക് പുറമേ കുടുംബശ്രീ ഉൽപ്പന്ന വിപണന സ്റ്റാളുകളുമുണ്ടായിരുന്നു. പത്ത് ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവ് മേളയിൽനിന്ന് ലഭിച്ചു.
ഭക്ഷ്യമേളയിൽ നിന്ന് 10,24,530 രൂപയും വിപണന മേളയിൽ നിന്ന് 45,225 രൂപയും ലഭിച്ചു. ആകെ 10,69,755 രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. 10 ലൈവ് ഭക്ഷണ സ്റ്റാളുകളും അഞ്ച് വിപണന സ്റ്റാളുകളുമാണ് ഒരുക്കിയിരുന്നത്. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയായിരുന്നു ഭക്ഷ്യമേള. സമാപനയോഗത്തിൽ മുൻ എംഎൽഎ കെ സി രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്തംഗം രജിത കുഞ്ഞുമോൻ, കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ മോപിൻദാസ്, മെഴുവേലി മെമ്പർ സെക്രട്ടറി എം ബിജുകുമാർ, മെഴുവേലി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രജനി അശോകൻ, അയണി സന്തോഷ് എന്നിവർ സംസാരിച്ചു.