പത്തനംതിട്ട : കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനങ്ങള്‍ക്ക് ആശ്വാസവുമായി കുടുംബശ്രീ ജില്ലാ മിഷന്‍. വയോജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സലിങ് നല്‍കുകയും അവശ്യവസ്തുക്കള്‍ അവരിലേക്കെത്തിക്കുകയുമാണു കുടുംബശ്രീ. ലോക്ക് ഡൗണ്‍ കാലത്ത് 65 വയസിന് മുകളില്‍ പ്രായമായവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുവാനും അവരില്‍ ഒറ്റയ്ക്കു കഴിയുന്നവര്‍ക്ക് ആശ്വാസമേകാനുമാണ് ഇത്തരത്തില്‍ പരിപാടി ആവിഷ്‌കരിച്ചത്.
ബ്ലോക്ക് തലത്തില്‍ കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാരാണു വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതും അവര്‍ക്ക് ഓണ്‍ലൈന്‍ വഴി കൗണ്‍സലിങ് നല്‍കുന്നതും. ജില്ലയിലെ വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഓരോ മൂന്നു ദിവസം കൂടുമ്പോഴും ഇവര്‍ പ്രായമായവരെ വിളിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. ജില്ലയില്‍ 11 റിസോഴ്‌സ് പേഴ്‌സണ്‍മാരാണു നിലവിലുള്ളത്.
രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ വകുപ്പിനും ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികള്‍ ഉറപ്പുവരുത്തും. മരുന്നുകള്‍ ആവശ്യമായവര്‍ക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അവ ഏര്‍പ്പെടുത്തി നല്‍കും. ജില്ലയില്‍ ആദ്യഘട്ട കൗണ്‍സലിങ് ഇതിനോടകം പൂര്‍ത്തിയായി.