പത്തനംതിട്ട : പത്തനംതിട്ട ടൗണ്‍ഹാളില്‍ നടത്തിയ കുടുംബശ്രീയുടെ പ്രകൃതി സൗഹൃദ ഉത്പന്ന പ്രദര്‍ശനവും വിപണനവും ശ്രദ്ധേയമായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള പ്രകൃതി സൗഹൃദ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചിരട്ടഗ്ലാസ്, ചിരട്ടത്തവി, സ്പൂണ്‍, തെങ്ങിന്‍ തടിയില്‍ നിര്‍മിച്ച ചട്ടുകം, പപ്പടംകുത്തി, തടി കൊണ്ടു നിര്‍മിച്ച വാല്‍ക്കണ്ണാടി, പാളപ്പാത്രം, ചെറിയ സഞ്ചികള്‍, മുളകൊണ്ട് നിര്‍മിച്ച ഫ്ളവര്‍ വെയ്സ്, മുളയില്‍ നിര്‍മിച്ച കീച്ചെയിനുകള്‍, പേപ്പര്‍പേന, രാമച്ചം, വിവിധ തരത്തിലുള്ള ഫോട്ടോ ഫ്രെയിമുകള്‍, വിവിധ നിറത്തിലും വലുപ്പത്തിലുള്ള തുണി സഞ്ചികള്‍, ബാഗുകള്‍, ചേളാവ് തുടങ്ങിയവ വിവിധ സ്റ്റാളുകളിലായി ഒരുക്കി. 32 യൂണിറ്റില്‍ നിന്നും 41 കുടുംബശ്രീ തൊഴിലാളികളുടെ സ്റ്റാളുകളായിരുന്നു ടൗണ്‍ഹാളില്‍ അണിനിരന്നത്.
ആശയ്ക്ക് ആശ്വാസമായി കുടുംബശ്രീ
ഓമല്ലൂര്‍ കുടുംബശ്രീ യൂണിറ്റിനെ പ്രതിനിധീകരിച്ചെത്തിയതാണ് കുഴിക്കാല്‍ പടിഞ്ഞാറ്റേതില്‍ കെ.എ. ആശയും അമ്മ കെ.പി. ശ്യാമളയും. സെറിബ്രല്‍പാള്‍സി എന്ന രോഗം ബാധിച്ച ആശയ്ക്ക് നടക്കാനുള്ള ശേഷി കുറവാണ്. ആശാ പ്രവര്‍ത്തകയായ ശ്യാമളയോടൊപ്പമാണ് ആശ സ്റ്റാളുകളില്‍ പോകുന്നത്. പ്ലസ്ടുവിനു ശേഷം കംപ്യൂട്ടര്‍ ഡിടിപി പഠിച്ച ആശ എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിലൂടെയാണ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പഠിച്ചത്. സ്വയംതൊഴിലെന്ന നിലയില്‍ വീട്ടിലിരുന്ന് ആശ തന്റെ കഴിവുകളിലൂടെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മിക്കും. ഒപ്പം ഡി.ടി.പിയും ചെയ്യുന്നുണ്ട്. വിവിധ വര്‍ണങ്ങളിലുള്ള ചാര്‍ട്ട് പേപ്പര്‍ കൊണ്ട് നിര്‍മിച്ച പേപ്പര്‍ പേനകള്‍, മെഴുകുതിരി, കുട, സോപ്പ്, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവയാണ് ആശയുടെ മാസ്റ്റര്‍പീസുകള്‍.