പത്തനംതിട്ട : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ഒരു കുടുംബശ്രീ ഉല്പന്നം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിലൊരു കുടുംബശ്രീ ഉല്പന്നം എന്ന പദ്ധതി നടപ്പിലാക്കാനൊരുങ്ങി കുടുംബശ്രീ മിഷന്‍. 2019-20 ഉപജീവന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്. ഇതിനു മുന്നോടിയായുളള ഷീ ടോക്ക് പരിപാടി ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കളക്ടറേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു.
ജില്ലാ വ്യവസായ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കുടുംബശ്രീ സംരംഭകര്‍ക്കു വിപണ രംഗത്ത് ആവശ്യമായ ബ്രാന്‍ഡിംഗ്, ലേബലിംഗ്, പ്രൈസിംഗ് എന്നിവയെക്കുറിച്ച് ക്ലാസ് എടുത്തു. ജില്ലയില്‍ മികച്ച വിജയം കൈവരിച്ച സംരംഭകരായ നേച്ചര്‍ ബാഗ് പന്തളം യൂണിറ്റ്, മൗണ്ടന്‍ കഫേ മലയാലപ്പുഴ, ആഷാ മാര്‍ട്ട് എന്നീ യൂണിറ്റുകളില്‍ സംരംഭകര്‍ അവരുടെ വിജയ കഥകള്‍ പങ്കുവച്ചു. ജില്ലയില്‍ മൂന്നു സ്ഥലങ്ങളിലാണ് ഷീ ടോക്ക് പരിപാടി നടത്തുന്നത്. കുടുംബശ്രീ സംരംഭങ്ങളുടെ വിപണനം കാര്യക്ഷമമാക്കുക, മാര്‍ച്ച് 15ന് ജില്ലയിലെ എല്ലാ വീടുകളിലും ഒരു കുടുംബശ്രീ ഉല്പന്നം എത്തിക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങള്‍ സി.ഡി.എസ്, എ.ഡി.എസ് തലത്തില്‍ ശേഖരിച്ച് ഓരോ വാര്‍ഡിലേയും അയല്‍ക്കൂട്ടങ്ങളില്‍ ഏല്‍പ്പിക്കുകയും ഇവര്‍ അതതു പ്രദേശത്തെ വീടുകളില്‍ എത്തിക്കുകയും ചെയ്യും. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വിധു, അസി.ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ എല്‍.ഷീല, മണികണ്ഠന്‍, പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത് ജി. കൊച്ചില്‍, അനു ഗോപി, ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.