പന്തളം : കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെട്ട കുളനട പിഎച്ച്സിയില്‍ ദിവസേന 200 ല്‍ പരം രോഗികള്‍ എത്തുന്നുണ്ട്. ശബരിമല ഇടത്താവളത്തിന് സമീപമുള്ളതായതിനാല്‍ തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടും.
നിലവില്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് പിഎച്ച്സി പ്രവര്‍ത്തിക്കുന്നത്. പുതിയ ഒപി ബ്ലോക്ക് നിര്‍മാണത്തിനാണ് തുക വിനിയോഗിക്കുന്നത്. രണ്ട് ഒപി റൂമുകളും, ഫാര്‍മസി സ്റ്റോര്‍, ഫാര്‍മസി ഡിസ്പെന്‍സറി, ലാബ്, നഴ്സസ് സ്റ്റേഷന്‍, മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വെയ്റ്റിംഗ് ഏരിയയും, ടോയ്‌ലറ്റുകളും ഒപ്പം ക്രമീകരിക്കുന്നുണ്ട്. 2000 ചതുരശ്രയടിയില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുകയാണ്.