തിരുവനന്തപുരം: കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിനു കൈമാറി. തീവ്രവാദ വിരുദ്ധസേന ഡിഐജി അനൂപ് കുരുവിളയുടെ നേതൃത്വത്തില്‍ 21 അംഗ സംഘത്തെയാണു ഡിജിപി നിയോഗിച്ചത്. കൊല്ലം സിറ്റി അഡീഷനല്‍ എസ്പി ജോസി ചെറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കൊല്ലം റൂറല്‍ എസ്പി, ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്‌ഐമാര്‍ എന്നിവര്‍ സംഘത്തില്‍ ഉള്‍പ്പെടും. നേരത്തേ ക്രൈംബ്രാഞ്ചിനു കീഴില്‍ അനൂപ് കുരുവിളയാണു കേസ് അന്വേഷിച്ചിരുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണു പുതിയ തീരുമാനം.
കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പോലീസിന്റെ ആര്‍മറര്‍, ഫോറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവ പാകിസ്താനില്‍ നിര്‍മിച്ചതാണെന്ന് കണ്ടെത്തി. വെടിയുണ്ടകളില്‍ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.