കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കുൽത്താളിയില്‍ 10 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കല്യാണിയിലെ ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ (ജെഎന്‍എം) ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. പെണ്‍കുട്ടിയുടെ മരണം വിവാദമായതോടെ, ഞായറാഴ്ച അസാധാരണ സിറ്റിങ് നടത്തിയാണ് കൊല്‍ക്കത്ത ഹൈക്കോടതി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തിങ്കളാഴ്ച കല്യാണിയിലെ എയിംസില്‍ നടത്താന്‍ ഉത്തരവിട്ടത്. ബറൈപൂര്‍ കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാകണം പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ എയിംസ് കല്യാണിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് സാങ്കേതികമായ ചില പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കല്യാണി ജെ എന്‍എം ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ നിശ്ചയിച്ചത്.
ശനിയാഴ്ച ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് ജോയ്‌നഗറിലെ വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് 10 വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുന്നത്. കുട്ടിയുടെ ദേഹത്ത് ഒട്ടേറെ മുറിവുകൾ ഉണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ടായിട്ടും എന്തുകൊണ്ട് പ്രതിക്കെതിരെ പോക്സോ കേസെടുത്തില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് തീർഥാങ്കർ ഘോഷ് പോലീസിനോടു ചോദിച്ചു. കേസിൽ പതിനെട്ടുകാരനായ പ്രതി മൊസ്താകിൻ സർദാർനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പോക്സോ പ്രകാരമുള്ള കുറ്റം ഇയാൾക്കെതിരെ ചുമത്താതിരുന്നതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച നാട്ടുകാർ ലോക്കൽ പൊലീസ് സ്റ്റേഷൻ തീവെച്ചു നശിപ്പിച്ചിരുന്നു.