കൊച്ചി : കുമ്പളം അരൂര്‍ റെയില്‍ പാലത്തില്‍ ട്രെയിന്‍ അട്ടിമറി ശ്രമം നടന്നതായി സംശയം. ഇന്‍സ്പെക്ഷന്‍ ക്യാപ് ഗ്രില്ലുകള്‍ റെയില്‍വെ പാളത്തില്‍ എടുത്ത് വച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കുമ്പളം അരൂര്‍ റെയില്‍വേ പാലത്തിലെ നടപാതയില്‍ തൂണ്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പരിശോധനയ്ക്കായി ഇറങ്ങുന്നതിന് വിടവ് ഇട്ടിട്ടുണ്ട്. ഈ ഭാഗങ്ങള്‍ ഫൈബര്‍ ഗ്രില്ലുകള്‍ ഉപയോഗിച്ചാണ് അടച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള 13 ഫൈബര്‍ ഗ്രില്ലുകളാണ് വിജാഗിരി ഇളക്കി റെയില്‍വേ ട്രാക്കില്‍ വച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇതില്‍ അഞ്ചെണ്ണം ട്രാക്കിലും എട്ടെണ്ണം പാളത്തിന്റെ നടുക്കുമായി വച്ച നിലയിലായിരുന്നു.
പുലര്‍ച്ച ഒന്നരയോടെ എത്തിയ ട്രെയിന്‍ എന്‍ജിന്റെ ഡ്രൈവറാണ് ഈ വസ്തു തിരിച്ചറിഞ്ഞത്. ഏതാനും ഗ്രില്ലുകള്‍ക്ക് മുകളിലൂടെ ട്രെയില്‍ കയറി ഇറങ്ങിയെങ്കിലും ഫൈബര്‍ ആയതിനാല്‍ അവ പൊടിഞ്ഞുപോയി. എന്നാല്‍ ഇത് ലോഹമായിരുന്നെങ്കില്‍ വലിയ അപകടത്തിന് സാദ്ധ്യത ഉണ്ടായിരുന്നു. റെയില്‍വേ സംരക്ഷണ സേന സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായയെ കൊണ്ടുവന്നും പരിശോധന നടത്തി പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.