കുമ്പഴ: കുമ്പഴ – മലയാലപ്പുഴ റോഡില്‍ തുണ്ടു വിളപ്പടി വളവില്‍ വാഹനാപകടം നിത്യസംഭവമായി മാറുകയാണ്. ഈ റോഡില്‍ കളിക്കല്‍ പടി കണികുന്നില്‍ വളവിലാണ് കേരളത്തെ നടുക്കിയ ഏറ്റവും വലിയ ബസ് അപകടം നടന്നത്. മലയാലപ്പുഴ ദേവീക്ഷേത്രം, മുസ്ലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാത കൂടിയാണിത്. മറ്റ് സ്ഥലങ്ങളില്‍ നിന്നും ഈ റോഡ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് റോഡിലെ വളവുകള്‍ അറിയുന്നതിന് ആവശ്യമായ വലിയ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും, കൂടുതല്‍ റിഫ്‌ലക്ടറുകളും, സ്പീഡ് ബ്രേക്കറുകളും, കണികുന്നില്‍ വളവില്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്ന ക്രാഷ് ബാരിയറുകള്‍ മാറ്റി പുനസ്ഥാപിക്കുന്നതിനും, ഈ ഭാഗത്ത് ടാറിങ്ങിനും ക്രാഷ് ബാരിയറിനും ഇടയിലായി വരുന്ന വലിയ കട്ടിങ്ങുകള്‍ മണ്ണിട്ടുയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
മഴക്കാലമായാല്‍ ഓടകള്‍ ഇല്ലാത്തതിനാല്‍ റോഡിലൂടെയാണ് വെള്ളം ഒഴുകി പോകുന്നത്. മഴ വെള്ളത്തിലൂടെ ഒഴുകിവരുന്ന മണ്ണിലുംകല്ലിലും കയറി നിത്യേന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമാണ്. ഈ റോഡിനെ കുരുതിക്കളം ആക്കി മാറ്റാതെ നിലവിലുള്ള അപാകതകള്‍ അടിയന്തരമായി പരിഹരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വാര്‍ഡ് കൗണ്‍സിലറും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനും ആവശ്യപ്പെട്ടു.