പത്തനംതിട്ട : കുമ്പഴയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് പുതിയ ഇരുനിലക്കെട്ടിടം ഉയരുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിച്ചതായി പത്തനംതിട്ട നഗരസഭാ ചെയര്‍ പേഴ്സന്‍ റോസിലിന്‍ സന്തോഷ് പറഞ്ഞു.
പത്തനംതിട്ട നഗരസഭയുടെ ചുമതലയില്‍ രണ്ടുവര്‍ഷം മുമ്പാണ് കുമ്പഴ പെട്രോള്‍ പമ്പിനു സമീപം ഈ പ്രാഥമിക ആരോഗ്യകേന്ദ്രം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടം ഉടമ ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ കുമ്പഴയില്‍ മറ്റ് കെട്ടിടങ്ങള്‍ അന്വേഷിച്ചെങ്കിലും സൌകര്യപ്രദമായി ഒന്നും ലഭിച്ചില്ല. ഇക്കാരണത്താലാണ് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാന്‍ നഗരസഭ തീരുമാനിച്ചത്. പതിനഞ്ചാം വാര്‍ഡ് കൌണ്‍സിലര്‍ കെ.ആര്‍ അരവിന്ദാക്ഷനാണ് കുമ്പഴയില്‍ പ്രാഥമികാരോഗ്യകേന്ദ്രം കൊണ്ടുവരുവാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. കുമ്പഴ പ്രദേശത്തെ മറ്റു കൌണ്‍സിലര്‍മാരായ പി.വി അശോക് കുമാര്‍, അംബികാ വേണു, ബിജിമോള്‍ മാത്യു, ദിപു ഉമ്മന്‍, വി.മുരളീധരന്‍, ആമിനാ ഹൈദരാലി എന്നിവര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിന്നു. ദീര്‍ഘനാളായി കുമ്പഴയില്‍ ഒരു ഡോക്ടറുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഒരു ചെറിയ പനി വന്നാല്‍പോലും പത്തനംതിട്ടയില്‍ പോകണമായിരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രം വന്നതോടുകൂടി ജനങ്ങള്‍ക്ക് ആശ്വാസമായി. നല്ല തിരക്കാണ് മിക്കപ്പോഴും ഇവിടെ അനുഭവപ്പെടുന്നത്.
കുമ്പഴ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ഒരുഭാഗത്താണ് 45 ലക്ഷം രൂപ ചെലവില്‍ ഇരുനിലക്കെട്ടിടം പണിയുന്നത്. ഇന്ന് ഇതിന്റെ പണി ഇന്ന് ആരംഭിച്ചു. നിലവില്‍ പ്രവര്‍ത്തനരഹിതമായ ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ ഇവിടെയുണ്ട്. പണി പൂര്‍ത്തിയാക്കുവാന്‍ ഒരുവര്‍ഷം കാലാവധി ഉണ്ടെങ്കിലും നാലുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി നല്‍കുമെന്ന് കരാര്‍ എടുത്ത സെന്റ് സൈമണ്‍സ് ബില്‍ഡേഴ്സ് ഉടമ റ്റിജു പായിക്കാട്ട് പറഞ്ഞു.