പത്തനംതിട്ട : കുമ്പഴ – വെട്ടൂർ – കോന്നി റോഡിലെ കുഴികള്‍ അടച്ചതില്‍ വൻ അഴിമതിയുണ്ടെന്നും ഇക്കാര്യത്തില്‍ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോർജ്ജ് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ വെട്ടൂരിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡ് അറ്റകുറ്റപ്പണികള്‍ക്ക് ഒന്നേകാൽ കോടി രൂപ അനുവദിച്ചതായിട്ടാണ് കോന്നി എംഎൽഎയുടെ അവകാശവാദം. കെ.യു ജനീഷ് കുമാറിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സിപിഎം വെച്ച ബോർഡുകളിൽ ഒരു കോടി രൂപ അനുവദിച്ചു എന്നാണ് പറയുന്നത്. രാമേശ്വരത്തെ ക്ഷൗരം പോലെയാണ് റോഡിലെ കുഴിയടപ്പ്. മുന്‍ കോന്നി എം.എല്‍.എ അടൂർ പ്രകാശിന്റെ കാലത്ത് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ റോഡിൽ ഇപ്പോള്‍ നടത്തുന്ന പണികള്‍ അഴിമതി ലക്ഷ്യമാക്കിയാണ്. പത്തുലക്ഷം രൂപ പോലും ചെലവുവരാത്ത പണിക്കാണ് ഇപ്പോള്‍ ഒരുകോടി അനുവദിച്ചിരിക്കുന്നത്. യാതൊരു തകരാറും ഇല്ലാത്ത ഭാഗങ്ങളില്‍ ടാറും ചിപ്സും പപ്പടത്തിന്റെ കനത്തില്‍ നിരത്തി ടാറിംഗ് നടത്തിയെന്ന് കാണിച്ചിരിക്കുകയാണ്. പുതിയതായി ടാര്‍ ചെയ്ത ഭാഗത്തുകൂടി വാഹന യാത്ര ദുഷ്ക്കരമാണ്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. ഈ കരാര്‍ പണിയില്‍ വന്‍ അഴിമതിയുണ്ടെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബിജു വിജയവിലാസം, ജയ്സൺ പീടികയിൽ, മോഹൻ അയ്യനേത്ത് , വി ടി ജയശ്രീ, പികെ ഇക്ക് ബാൽ എന്നിവർ പ്രസംഗിച്ചു.