പത്തനംതിട്ട : കുമ്പഴ – വെട്ടൂർ – കോന്നി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ രാത്രിയിലും ഇവിടെ അപകടം ഉണ്ടായിരുന്നു. കോന്നിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോയ കാർ വെട്ടൂര്‍ ജംഗ്ഷനിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തശേഷം റോഡ് സൈഡിൽ നിന്ന മരത്തിലിടിച്ചാണ് നിന്നത്.
നാലു ഭാഗത്തേക്കും കടന്നുപോകുന്ന വൈദ്യുത ലൈൻ പോസ്റ്റുകളും കേബിൾ ടിവികളുടെ കേബിളുകളും ഇടിയുടെ ആഘാതത്തിൽ തകർന്നു. ഇന്ന് രാത്രിവരെ പണിപ്പെട്ടാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതും കേബിൾ കണക്ഷനുകൾ പൂർവസ്ഥിതിയിലാക്കിയതും. ഈ റോഡിലെ ഇന്റര്‍നെറ്റ് ബന്ധവും വൈദ്യുതി നിലച്ചതിനാല്‍ ഇന്ന് തകരാറിലായി.
ഉന്നത നിലവാരത്തിൽ റോഡ് പുനഃസ്ഥാപിക്കുകയും മെഡിക്കൽ കോളേജ് റോഡ് ആയി മാറുകയും ചെയ്തതോടെ ആഴ്ചയിൽ മൂന്നും നാലും അപകടങ്ങളാണ് ഈ റോഡിൽ സ്ഥിരമായി ഉണ്ടാകുന്നത്. അമിത വേഗമാണ് മിക്ക അപകടങ്ങൾക്കും കാരണമായി പറയപ്പെടുന്നത്. കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ട നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ഏറ്റവും എളുപ്പമാർഗ്ഗം എന്നുള്ളതും ഗതാഗതക്കുരുക്ക് കുറവുവുള്ള റോഡ് എന്ന രീതിയിലും പലപ്പോഴും ആളുകൾ ഈ വഴിയാണ് തെരഞ്ഞെടുക്കാറുള്ളത്. കൂടാതെ വെട്ടൂർ വടക്കുപുറം കാഞ്ഞിരപ്പാറ റോഡിലും വെട്ടൂർ കുമ്പഴ റോഡിലും ടിപ്പറുകളുടെ അമിത പാച്ചിൽ പലപ്പോഴും ഗുരുതരമായ അപകടാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കാറുണ്ട്.
കടകളിലേക്ക് ഇടിച്ചു കയറുക, ഇലക്ട്രിക് പോസ്റ്റുകൾ, കേബിളുകൾ തുടങ്ങിയവ നശിപ്പിക്കുക എന്നത് നിത്യ സംഭവങ്ങൾ ആവുകയാണ് . അടുത്ത നാളിലാണ് വെട്ടൂര്‍ ജംഗ്ഷന് സമീപം വെച്ച് അപകടത്തില്‍ ഒരു യുവാവ് മരിച്ചത്. അപകടങ്ങൾ തുടർക്കഥയായ ഈ മേഖലയിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും ടിപ്പറുകളുടെ മരണപ്പാച്ചില്‍ നിയന്ത്രിക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വെട്ടൂർ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ മത്സര ഓട്ടം കാരണം റോഡ് മുറിച്ചു കടക്കുന്നതിനുപോലും കാല്‍നട യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.