കുമ്പഴ : പത്തനംതിട്ട നഗരസഭയുടെ കുമ്പഴയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പരസ്യ ഷെഡ് ആയി മാറി. യാത്രക്കാര്‍ക്ക് ഇവിടെ കയറി നില്‍ക്കുവാന്‍ കഴിയില്ല. ഷെഡിന്റെ മുമ്പിലും ഇരുവശങ്ങളിലുമുള്ള ഫ്ലെക്സ് ഷെയിഡുകള്‍ പരസ്യമെടുത്ത കരാറുകാരന്‍ നശിപ്പിച്ചിരിക്കുകയാണ്. വെയില്‍ പൂര്‍ണ്ണമായും ഷെഡില്‍ ആയതിനാല്‍ യാത്രക്കാര്‍ക്ക് ഇവിടെ നില്‍ക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്. ചെറിയ മഴ പെയ്താല്‍ പോലും മുഴുവന്‍ നനയും. കരാറുകാരന് പരസ്യം കിട്ടിയില്ലെങ്കില്‍ യാത്രക്കാര്‍ വെയിലും മഴയും ഏല്‍ക്കണമെന്നാണ് നിലവിലെ അവസ്ഥ. നഗരസഭ സ്ഥാപിച്ച ഫ്ലക്സ് സണ്‍ ഷെയിഡുകള്‍ പരസ്യക്കാരന്‍ കീറിക്കളഞ്ഞിട്ടാണ് മറ്റു പരസ്യങ്ങള്‍ സ്ഥാപിക്കുന്നത്.
ഷെഡിന് മുകളില്‍ ഇരുമ്പ് ഫ്രെയിം മുന്‍പിലും ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്നു. ഇവിടെ പരസ്യം നല്‍കി അതില്‍നിന്നും വരുമാനം എടുക്കുന്ന രീതിയിലാണ് ഏറണാകുളത്തെ പരസ്യ കമ്പിനിക്ക് നല്‍കിയതെന്ന് പറയുന്നു. ഷെഡ് സ്ഥാപിച്ചപ്പോള്‍ നഗരസഭയുടെ ഫ്ലെക്സ് ബോര്‍ഡ് ഉണ്ടായിരുന്നു. പരസ്യ കമ്പിനി മൂന്നു മാസത്തേക്ക് ആണ് ഓരോ സ്ഥാപനത്തിന്റെയും പരസ്യം സ്ഥാപിക്കുന്നത്. അറുപതിനായിരം രൂപയാണ് മൂന്നുമാസത്തെ നിരക്ക്. മൂന്ന് കാത്തിരിപ്പു കേന്ദ്രങ്ങള്‍ കുമ്പഴയില്‍ മാത്രമുണ്ട്. ഇതിലൂടെ വന്‍ തുകയാണ് കരാറുകാരന് ലഭിക്കുന്നത്. കാലാവധി കഴിയുമ്പോള്‍ ഈ ഫ്ലെക്സ് കീറിക്കളയും. അടുത്ത പരസ്യക്കാരന്‍ വരുന്നതുവരെ ഇവിടെ ഫ്ലെക്സ് ബോര്‍ഡ് ഉണ്ടാകില്ല. ചുരുക്കം പറഞ്ഞാല്‍ കരാറുകാരന് തന്നിഷ്ടം കാണിക്കുവാനുള്ള വേദിയായി ഈ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ മാറി. കരാറുകാരനെ നിയന്ത്രിക്കുവാനോ നഗരസഭയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിപ്പിക്കുവാനോ നഗരസഭയ്ക്ക് കഴിയുന്നില്ല. നഗരസഭയ്ക്ക് പരസ്യത്തിലൂടെ ലഭിക്കേണ്ട വരുമാനമാണ് സ്വകാര്യ വ്യക്തി കയ്ക്കലാക്കുന്നത്.