തിരുവനന്തപുരം : വനംമന്ത്രി പീഡനപരാതി ഒതുക്കാന്‍ ശ്രമിച്ച സംഭവം വിവാദമായതിന് പിന്നാലെ പരാതിയില്‍ നടപടിയുമായി പോലീസ്. സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറ പോലീസ് കേസെടുത്തു. ബാറുടമ പത്മാകരനും രാജീവിനും എതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്മാകരന് എതിരെയുള്ള പരാതി ഒത്ത് തീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം. ഇതുസംബന്ധിച്ച ഫോണ്‍കോള്‍ വിവരവും പിതാവ് പുറത്തുവിട്ടിരുന്നു. മന്ത്രിയുടെ ഇടപെടലില്‍ അന്വേഷണം നടത്താനാണ് എന്‍സിപിയുടെ തീരുമാനം. സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും മനപൂര്‍വ്വമായി ഫോണ്‍ ടാപ്പ് ചെയ്തതാണെന്നുമാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്. വിഷയത്തില്‍ എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എ.കെ.ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്കും പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ.വീണാ നായരാണ് ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കിയത്. സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂര്‍വ്വം മറച്ച് വെയ്ക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. യൂത്ത് ലീഗ് നേതാവ് അഡ്വ. സജാലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയത്.