അഹമ്മദാബാദ് : ഗുജറാത്തിൽ മുഖ്യമന്ത്രിമാർ വന്നു പോകുമ്പോളും മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റമില്ലാത്ത ഒരാളുണ്ട് – മലയാളിയായ റിട്ട.ഐ.എ.എസ് ഓഫീസർ കെ.കൈലാസനാഥൻ. പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറിയായി അദ്ദേഹം നിയമിതനായി. തുടർച്ചയായി നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പാൾ സെക്രട്ടറിയാണ് ഇദ്ദേഹം.
മാറ്റമില്ലാത്തതായി കെ.കെ മാത്രം. എന്നാണ് ഗുജറാത്തിലെ മാധ്യമങ്ങൾ നൽകിയ വിശേഷണം. കെ.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൈലാസനാഥൻ 2006 ജൂലായ് മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായക സ്ഥാനത്തുണ്ട്. 2013-ൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ചപ്പോൾ മോദിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്നു. എക്സ്റ്റൻഷൻ നൽകി കെ.കെയെ ഓഫീസിൽ നിലനിർത്തി. പിന്നീട് ആനന്ദിബെൻ, വിജയ് രൂപാണി മന്ത്രിസഭകൾ വന്നപ്പോഴും ചീഫ് പ്രിൻസിപ്പൾ സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രിമാരുടെ ഓഫീസിൽ നിർണായക സ്ഥാനത്ത് തുടർന്നു.
രൂപാണിയുടെ മന്ത്രിസഭയെ സമ്പൂർണമായി അഴിച്ചു പണിയുകയും മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റിയപ്പോഴും കെ.കെ.യ്ക്ക് സ്ഥാനചലനമില്ല. ഭൂപേന്ദ്ര പട്ടേൽ കാലാവധി പൂർത്തിയാക്കും വരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകും വരെയോ കൈലാസ് നാഥൻ അതേ തസ്തികയിൽ തുടരുമെന്നാണ് പൊതുഭരണ വിഭാഗത്തിന്റെ ഉത്തരവ്. 15 വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഇദ്ദേഹത്തിന്റെ ഏഴാമത്തെ എക്സ്റ്റൻഷനാണിത്.
മോദി പ്രധാനമന്ത്രിയായപ്പോൾ കെ.കെ ഡൽഹിയിലേക്ക് പോകുമെന്ന അഭ്യഹങ്ങളുണ്ടായിരുന്നു. എന്നാൽ ഗുജറാത്തിന്റെ മനസ് വായിക്കാനറിയാവുന്നയാളെന്ന നിലയിൽ മോദി ഇദ്ദേഹത്തെ ഗാന്ധിനഗറിൽ നിലനിർത്തി. ഭരണസിരാകേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ കണ്ണും കാതുമായാണ് കൈലാസ് നാഥൻ അറിയപ്പെടുന്നത്. ഗാന്ധിജിയുടെ സബർമതി ആശ്രമം നവീകരിക്കുന്ന പദ്ധതിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ തലവൻ കൂടിയാണ് ഇദ്ദേഹം. 1979 ഐ.എ.എസ് ബാച്ചുകാരനായ കുനിയിൽ കൈലാസനാഥൻ കോഴിക്കോട് വടകര സ്വദേശിയാണ്.
മോദിക്ക് വേണ്ടുന്ന തരത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിൽ പേരുകേട്ടയാളാണ് കൈലാസനാഥൻ. രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ഗുജറാത്തിനെ സംബന്ധിച്ച് സർക്കാർ സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളും കൈലാസനാഥന്റെ ഉപദേശത്തോടെയാണെന്നാണ് റിപ്പോർട്ട്. കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാക്കളെ പോലും ബിജെപിയിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് കൈലാസനാഥനാണെന്നാണ് റിപ്പോർട്ടുകൾ.
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജ്യമെമ്പാടും സഞ്ചരിക്കേണ്ടിവന്ന മോദി സംസ്ഥാനത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈലാസനാഥനെ വളരെയധികം ആശ്രയിച്ചിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ തന്നെ അനൗദ്യോഗികമായി പറഞ്ഞിട്ടുണ്ട്. അതിനിടെ കൈലാസനാഥനെ ദക്ഷിണേന്ത്യയിലെ എതെങ്കിലും ഒരു സംസ്ഥാനത്ത് ഗവർണറായി നിയമിക്കുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ റിപ്പോർട്ടുകളെ തള്ളിക്കൊണ്ട് അദ്ദേഹം ഗുജറാത്തിൽ തന്നെ തുടരുകയായിരുന്നു.
ഏറ്റവും ഒടുവിലായി ഗുജറാത്തിന്റെ തന്നെ മുഖമുദ്രയായ, ഗാന്ധിജി സ്ഥാപിച്ച, പതിമൂന്ന് വർഷത്തോളം അദ്ദേഹം ജീവിച്ച സബർമതി ആശ്രമം നവീകരിക്കാനുള്ള മോദിയുടെ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് കെ കൈലാസനാഥാണ്. അഹമ്മദാബാദിലെ സബർമതി തീരത്തെ ആശ്രമം പൊളിച്ച് മ്യൂസിയം പണിയാനാണ് ഗുജറാത്ത് സർക്കാരിന്റെ നീക്കം. ഇതിനായി 1200 കോടി രൂപയാണ് ഗുജറാത്ത് സർക്കാർ അനുവദിച്ചത്. എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള എതിർപ്പുകളെ നേരിട്ട് പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് ഇപ്പോൾ ഗുജറാത്ത് സർക്കാർ.