മല്ലപ്പള്ളി : കുന്നന്താനം മഠത്തിൽക്കാവ് ക്ഷേത്ര പടയണി 20-ന്. കളത്തിൽ തിളങ്ങാനായി ആര്യങ്കാലായിൽ കളരിയിൽ നാളുകളായി പരിശീലനത്തിരക്കാണ്. ഇവിടെനിന്ന് രാത്രി എട്ടിന് എടുത്തുവരവ് ഘോഷയാത്രയോടെയാണ് തുടക്കം. 8.30-ന് ക്ഷേത്രത്തിൽ വന്നുചേരും. പുലവൃത്തം കഴിഞ്ഞ് ഗണപതിക്കോലം കളത്തിൽ എത്തും. അടുത്തതായി നൂറ്റിയൊന്ന് പാളയിൽ തീർത്ത ഭൈരവി കാപ്പൊലിച്ച് കളം നിറയും. പിന്നാലെ യക്ഷി, അരക്കിയക്ഷി, പക്ഷി, മറുത, മാടൻ എല്ലാം ഊഴമിട്ടെത്തും. മാർക്കണ്ഡേയപുരാണം ഇതിവൃത്തമാക്കിയ കാലങ്കോലമാണ് ചടുലതയിലും ചുവടുകളിലും മുന്നിൽ. ലതയിലെഴുതിയ മംഗളഭൈരവി വന്ന് കുറ്റങ്ങളെല്ലാം പൊറുത്ത് അനുഗ്രഹിക്ക ഭഗവതിയേ എന്ന് ചൊല്ലി മറയുന്നതോടെ പടയണി പൂർണമാവുകയായി. അരങ്ങിൽ തുള്ളിയുറയാനുള്ള കഠിന പരിശീലനത്തിലായിരുന്നു കഴിഞ്ഞ ഒരുവർഷമായി കുന്നന്താനത്തെ കുരുന്നുകൾ.
61 കലാകാരന്മാരാണ് പങ്കെടുക്കുക. കാലങ്കോലത്തിൽ പ്രസിദ്ധനായിരുന്ന ആര്യങ്കാലായിൽ ശിവരാമപിള്ളയാശാന്റെ മകൻ എ.എസ്. ബാലകൃഷ്ണൻ നേതൃത്വം നൽകുന്ന ഗോത്രകലാപീഠമാണ് മഠത്തിൽക്കാവിൽ പടയണി കാഴ്ചവെയ്ക്കുക. കോട്ടാങ്ങൽ രവീന്ദ്രൻ ആശാൻ, രാജീവ് പടിയറ എന്നിവരാണ് പ്രധാന അധ്യാപകർ. വി.ജ്യോതിഷ് ബാബു പൊയ്യക്കൽ, രാജേഷ് മരങ്ങാട്ടുചിറ, പ്രദീപ് കുന്നേൽ, സി.ടി.മനോജ് ശാന്തിനികേതൻ എന്നിവർ സജീവമായി പ്രവർത്തിക്കുന്നു.