ഡൽഹി: കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ ചത്തൊടുങ്ങിയ സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും നീക്കം ചെയ്തു. ഉന്നത വന്യജീവി ഉദ്യോഗസ്ഥനായ ജസീർ സിംഗ് ചൗഹാനെയാണ് തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിരിക്കുന്നത്. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കുനോ നാഷണൽ പാർക്കിലെ 8 ചീറ്റകളാണ് മരണത്തിന് കീഴടങ്ങിയത്. ആഫ്രിക്കയിൽ നിന്നാണ് ചീറ്റകളെ രാജ്യത്തേക്ക് എത്തിച്ചത്. 1952-ലാണ് ഇന്ത്യയിൽ ഏഷ്യൻ ചീറ്റകൾ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് നരേന്ദ്രമോദി സർക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു.
നമീബയിൽ നിന്ന് എട്ട് ചീറ്റകളെയും, ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെയുമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഇവയിൽ 8 എണ്ണമാണ് കഴിഞ്ഞ നാല് മാസത്തിനിടെ ചത്തത്. സ്വാഭാവിക കാരണങ്ങളാണ് ചീറ്റകളുടെ മരണത്തിന് പിന്നിലെന്ന് വന്യജീവി അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം, ദിവസങ്ങൾക്കു മുൻപ് ചത്ത ആഫ്രിക്കൻ ചീറ്റയായ തേജസിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചീറ്റ ആന്തരികമായി ദുർബലാവസ്ഥയിൽ ആയിരുന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.