പന്തളം: അടവി ഉത്സവത്തിന് മുന്നോടിയായി കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ പടയണിക്ക് നാളെ തുടക്കം. 10 ദിവസത്തെ കാവുണർത്തലിനുശേഷമാണ് പടയണിക്ക് തുടക്കമാകുന്നത്. കോലങ്ങളും വിനോദരൂപങ്ങളും ഇനി ദേവിക്ക് മുൻപിലെത്തും. പറയ്ക്കെഴുന്നള്ളിപ്പിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച പുത്തൻകാവിലമ്മ തിരികെ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെയാണ് അടവി ഉത്സവത്തിന് ചൂട്ടുവെച്ചത്. 5 വർഷത്തിലൊരിക്കൽ നടക്കുന്ന അടവി കോവിഡ് കാരണം ഏഴാം വർഷമാണ് ഇത്തവണ നടക്കുന്നത്. പടയണി തുടങ്ങി 9-ാം ദിവസമാണ് പ്രധാന ചടങ്ങായ ചൂരലുരുളിച്ച.
13-ാം ദിവസം 101 പാളയിൽ തയ്യാറാക്കുന്ന ഭൈരവിക്കോലം കളത്തിൽനിന്നു തുള്ളിയൊഴിയുന്നതോടെ അടവി ഉത്സവം സമാപിക്കും. നാളെ രാത്രി 9ന് വല്യമേളത്തോടെയാണ് പടയണി തുടങ്ങുക. ഇത് കുരമ്പാലയുടെ തനതു മേള സമ്പ്രദായമായാണ് അറിയപ്പെടുന്നത്. തപ്പും തമിലും ചെണ്ടയും മദ്ദളവും ഇലത്താളവും ഒത്തുചേർന്ന് വല്യമേളവും തൂപ്പുകാപ്പൊലിയും കഴിഞ്ഞാൽപിന്നെ അസുരവാദ്യമായ തപ്പിന്റെ മേളം മുഴങ്ങും. ആയോധന കലകളുടെ ഭാവത്തോടെ താവടിയും പന്നത്താവടിയും ചുവടുവെയ്ക്കും.
ഇവ തുള്ളിയൊഴിഞ്ഞാൽ സാമൂഹിക വിഷയങ്ങളിൽ സരസമായ ചോദ്യശരങ്ങളുമായി വിനോദരൂപങ്ങളെത്തും. കോലപ്പാട്ടിന്റെ ഈണത്തോടെ തപ്പിന്റെ താളംമുറുകുമ്പോൾ ഭദ്രകാളിയെ സംപ്രീതയാക്കാനായി ചുവടുവെയ്ക്കുന്ന കോലങ്ങളാണ് അരങ്ങിലെത്തുക. വെള്ളയും കരിയും തുടങ്ങി ഗണപതി, ഗണപതി പിശാച്, മറുത, വടിമാടൻ, തൊപ്പിമാടൻ, അരക്കിയക്ഷി, പുള്ളിമാടൻ, പക്ഷി, ചെറ്റമാടൻ, സുന്ദരയക്ഷി, കാലയക്ഷി, കുതിര, അന്തരയക്ഷി, കാലൻ, ഭൈരവി ഉൾപ്പെടെ കോലങ്ങളാണ് കളത്തിലെത്തുക.