ഇരിങ്ങാലക്കുട : സിറോ മലബാര്‍ സഭയിലെ കുര്‍ബാനയുടെ രീതി പുതുക്കിയ സിനഡ് തീരുമാനത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയും പ്രതിഷേധവുമായി രംഗത്ത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും നേരത്തെ പുതിയ രീതിക്കെതിരേ രംഗത്തുവന്നിരുന്നു.
“പൂര്‍ണമായ ജനാഭിമുഖ കുര്‍ബാനയ്ക്ക് വിരുദ്ധമായ സിനഡ് തീരുമാനം ഏകപക്ഷീയവും അസ്വീകാര്യവും നിരാശാജനകവുമാണ്. ആവശ്യമെങ്കില്‍ സിനഡിന്റെ സുപ്പീരിയര്‍ ട്രിബ്യൂണലിലേക്കും വത്തിക്കാനിലേക്കും അപ്പീല്‍ പോകും. സഭയുടെ സിനഡിന് ആരാധനക്രമത്തില്‍ തീരുമാനമെടുക്കാന്‍ പൂര്‍ണാധികാരം ഉണ്ടെന്നിരിക്കേ, മാര്‍പാപ്പയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്ത വക്രബുദ്ധിയെ അംഗീകരിക്കാനാകില്ല. ദൈവ ജനാഭിമുഖ ബലിയര്‍പ്പണ രീതിയല്ലാതെ മറ്റൊന്നും ഇരിങ്ങാലക്കുട രൂപത സ്വീകരിക്കില്ല. ഐക്യം തകര്‍ക്കുന്ന വിധത്തില്‍ ഐകരൂപ്യം അടിച്ചേല്‍പ്പിക്കരുതെന്ന മാര്‍പാപ്പയുടെയും അപ്പസ്തോലിക് ന്യുണ്‍ഷ്യോയുടെയും ആഹ്വാനവും സിനഡ് തമസ്കരിച്ചു”- വൈദികര്‍ പറഞ്ഞു.