ചങ്ങനാശ്ശേരി : കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് ചങ്ങനാശ്ശേരി കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ കുരിശടിയിലെ കല്‍വിളക്ക് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. രാത്രി ഇതുവഴി പോയ യാത്രക്കാരാണ് പള്ളിയുടെ കല്‍വിളക്ക് വിവിധ ഭാഗങ്ങള്‍ ആയി ചിതറി കിടക്കുന്നത് കണ്ടത്. സംഭവം പള്ളി ഭാരവാഹികളെ അറിയിച്ചതോടെ വിശ്വാസികള്‍ തടിച്ചുകൂടി. സംഭവമറിഞ്ഞതോടെ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. തുടര്‍ന്ന് പള്ളിക്കെതിരെ നടന്ന അക്രമിയെ കണ്ടെത്താനുള്ള തിരച്ചില്‍ ആയി. പോലീസും വന്‍തോതില്‍ സംഭവസ്ഥലത്തെത്തി.
സിസിടിവി കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം നടന്നത്. സമീപത്തെ കടകളിലും പള്ളികളിലും ഉള്ള സിസിടിവി രാത്രി തന്നെ പോലീസ് പരിശോധിച്ചു. ഇതിനിടെ ബൈക്കിലെത്തി ആളാണ് അക്രമം നടത്തിയത് എന്ന് നാട്ടുകാരില്‍ ചിലര്‍ പോലീസിനോട് സംശയം പ്രകടിപ്പിച്ചു. ഇതേതുടര്‍ന്ന് രാത്രി വൈകിയും പോലീസ് ഈ മേഖലയില്‍ ആകെ പരിശോധന നടത്തി. പള്ളിയുടെ കുരിശടിയില്‍ നടന്ന അക്രമത്തില്‍ വിശ്വാസികളും കടുത്ത പ്രതിഷേധത്തില്‍ ആയിരുന്നു. രാത്രി വൈകിയും നിരവധി ആളുകള്‍ പള്ളി സമീപത്ത് തടിച്ചു കൂടി. പള്ളി വികാരി ജോര്‍ജ് നൂഴായിത്തടം അക്രമ സംഭവത്തില്‍ പോലീസിന് പരാതിയും നല്‍കി.
പോലീസ് അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ സംഭവത്തിലെ സസ്പെന്‍സ് പൊളിഞ്ഞത്. സിസിടിവി പരിശോധിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്ന പോലീസിനു മുന്നില്‍ അക്രമി തന്നെ എത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിയ ആള്‍ സംഭവം തുറന്നു പറഞ്ഞതോടെയാണ് വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായത്.
കുറുമ്പനാടം ചൂരനോലി സ്വദേശി ആണ് കുറ്റസമ്മതം നടത്തി പോലീസിനു മുന്നില്‍ എത്തിയത്. എന്നാല്‍ മനപ്പൂര്‍വ്വം അക്രമിച്ചത് അല്ല എന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഇന്നലെ രാത്രി അമിതമായി മദ്യപിച്ചാണ് പള്ളിക്ക് മുന്നിലൂടെ വന്നത്. ഇതിനിടെ പള്ളിയുടെ കുരിശടി കണ്ടപ്പോള്‍ നേര്‍ച്ച സമര്‍പ്പിക്കുന്നതിന് ആണ് കുരിശടിക്ക് ഉള്ളിലേക്ക് കയറിയത്. അമിതമായ മദ്യലഹരിയില്‍ ആയതിനാല്‍ താന്‍ വീഴാന്‍ പോയി എന്ന് ചൂരനോലി സ്വദേശി പോലീസിനു മുന്നില്‍ നേരിട്ട് മൊഴി നല്‍കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
വീഴാന്‍ പോയപ്പോള്‍ പള്ളിയുടെ കല്‍വിളക്കില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനിടെ കല്‍വിളക്ക് ഉള്‍പ്പെടെ താഴെ വീണു പോയതായി ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഏതായാലും വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടായ ഒരു സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്ന ആശ്വാസത്തിലാണ് നാട്ടുകാരും വിശ്വാസികളും പോലീസും.