ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭാഗമായ കുറൂരമ്മ ഭവനില്‍ ദേവസ്വം ബോര്‍ഡ് പുല്‍ക്കൂട് ഒരുക്കിയത് ഭക്തരുടെ പ്രതിഷേധത്തിന് വഴിവെച്ചു. ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും പ്രതിഷേധം ഉയര്‍ത്തിയതോടെ ദേവസ്വം ബോര്‍ഡ് പുല്‍ക്കൂട് പൊളിച്ചു മാറ്റി. അതിനിടെ പുല്‍ക്കൂട് ഒരുക്കിയത് ഗൂഢാലോചനയെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന അമ്മമാര്‍ക്കുള്ള വിശ്രമ കേന്ദ്രമായ ഗുരുവായൂര്‍ ദേവസ്വം കുറൂരമ്മ ഭവനത്തിലാണ് പുല്‍ക്കൂട് ഒരുക്കി വിവാദം ക്ഷണിച്ചു വരുത്തിയത്. നിരന്തരം ഗുരുവായൂര്‍ ക്ഷേത്രത്തെ വിവാദത്തില്‍പ്പെടുത്തി വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം പ്രവൃത്തിയില്‍ ഭക്തജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്നും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി പി സുധാകര്‍ വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് കുറൂരമ്മ ഭവനില്‍ ക്രിസ്തുമസ് പുല്‍ക്കൂട് ഒരുക്കിയത്. ക്ഷേത്ര വിശ്വാസം സംരക്ഷിക്കുന്നതിനു പകരം ക്ഷേത്രേതര കാര്യങ്ങളാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്നതെന്നും അതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. ദേവസ്വം ബോര്‍ഡിന്റെ ഈ സമീപനം സംശയാസ്പദമാണെന്നും സംഘടന പറഞ്ഞു.
ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര കമ്പനി നല്‍കിയ സ്‌പെഷല്‍ എഡിഷന്‍ ഥാര്‍ ലേലം ചെയ്ത ഭരണസമിതിയുടെ തീരുമാനം ഉണ്ടാക്കിയ വിവാദവും വേദനയും ഭക്തരുടെ മനസില്‍ നിന്ന് മായുന്നതിന് മുന്‍പാണ് അടുത്ത നീക്കവും. ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കുന്ന നിലപാടല്ല ക്ഷേത്ര ഭരണസമിതിയും ദേവസ്വം ബോര്‍ഡും സ്വീകരിക്കുന്നതെന്ന് നേരത്തെ മുതല്‍ ആക്ഷേപം ശക്തമാണ്.