പാലക്കാട് : തൃശൂർ – പാലക്കാട് പാതയിലെ കുതിരാൻ തുരങ്കം ഭാഗികമായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് ശനിയാഴ്ച വൈകിട്ട് 5.30ഓടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഉദ്ഘാടന ചടങ്ങുകളില്ലാതെ തുരങ്കപാത ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.
കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ജൂലൈ 15ന് അറിയിച്ചിരുന്നു. തുരങ്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധന പൂർത്തിയായിരുന്നു. ഇതിന് പിറകെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതി കൂടി ലഭിച്ചതോടെയാണ് തുരങ്കങ്ങളിലൊന്ന് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.