കോഴിക്കോട് : രണ്ടാഴ്ച മുൻപ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും തടവുചാടി പിന്നീട് പോലീസിൻ്റെ പിടിയിലായ നാല് പേരിൽ ഒരാൾ ഇന്നലെ രാത്രി വീണ്ടും തടവുചാടി.
നേരത്തെ രക്ഷപ്പെട്ടു പോയ ശേഷം പോലീസ് പിടിയിലായ ആഷിഖിനെയാണ് ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ സെല്ലിൽ നിന്നും കാണാതായത്. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ആഷിഖിനൊപ്പം തടവുചാടിയ മൂന്ന് പേരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആഷിഖിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ടാഴ്ച മുൻപാണ് നിരവധി കേസുകളില്‍ പ്രതിയായവര്‍ ഉള്‍പ്പടെ നാല് പേര്‍ രക്ഷപ്പെട്ടത്. ഇതില്‍ രണ്ട് പേരെ വയനാട് മേപ്പാടിയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. കൊലക്കേസ് പ്രതികളായ നിസാമുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും പതിനഞ്ച് കേസുകളില്‍ പ്രതികളാണ്. മേപ്പാടിയിലെ ഒരു തേയിലത്തോട്ടത്തില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റൊരു കുറ്റവാളിയായ ആഷിഖിനെ കോഴിക്കോട് നിന്നും തന്നെ പോലീസ് പിടികൂടിയിരുന്നു. തുഷാരഗിരി പുഴയ്ക്ക് സമീപം ഇയാളുണ്ടെന്ന് അറിഞ്ഞ പോലീസ് സംഘം അവിടെ എത്തിയപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടു. മോഷ്ടിച്ച ബൈക്കുമായുള്ള സഞ്ചാരത്തിനിടെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപത്ത് നിന്നാണ് പിടികൂടിയത്.
മൂന്ന് പേരേയും രക്ഷപ്പെടാന്‍ സഹായിച്ച മാനസിക ആരോഗ്യകേന്ദ്രം അന്തേവാസി ഷഹല്‍ ഷാനുവും നേരത്തെ പിടിയിലായിരുന്നു. പ്രതികള്‍ രക്ഷപ്പെട്ടതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു പോലീസ് അന്വേഷണം. മെഡിക്കല്‍ കോളേജ്, നടക്കാവ്, കസബ എസ്.ഐമാരും 13 പോലീസുകാരും അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. രക്ഷപ്പെട്ടവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ പിടികൂടിയ മെഡി.കോളേജ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്വാറൻ്റൈനിൽ പോയിരുന്നു.