കോഴിക്കോട് : അധികൃതരുടെ ഗുരുതര വീഴ്ചയാണ് വ്യാഴാഴ്ച കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യ ചെയ്തതിലൂടെ വെളിവാകുന്നത്. ജീവനക്കാരെയുള്‍പ്പെടെ ആവശ്യത്തിന് സുരക്ഷ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി. ഹൈക്കോടതി നിര്‍ദ്ദേശം പോലും കുതിരവട്ടത്ത് നടപ്പായില്ല. അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. മാസങ്ങള്‍ക്ക് മുമ്പ് ഒരു അന്തേവാസിയുടെ കുത്തേറ്റ് മറ്റൊരു അന്തേവാസി കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ മരിച്ചതിനെ തുടര്‍ന്ന് അടിസ്ഥാന സൌകര്യങ്ങള്‍ അടക്കം ഒരുക്കുമെന്ന് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി പ്രസ്താവിച്ചിരുന്നു.
അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് ആശുപത്രിയിലെ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിനിടെ, 400 കോടിരൂപയുടെ മാസ്റ്റര്‍പ്ലാന്‍ ആശുപത്രിയുടെ സമഗ്ര വികസനത്തിന് തയ്യാറായി. ഏറ്റവുമൊടുവില്‍ മഞ്ചേരി സ്വദേശി ആത്മഹത്യചെയ്ത സംഭവം അടിവരയിടുന്നത് ആശുപത്രിയില്‍ ഒരു സുരക്ഷാക്രമീകരണവും മാസങ്ങള്‍ക്കിപ്പുറവും ഇല്ലെന്നാണ്. കര്‍ട്ടന്‍ തുണിയുപയോഗിച്ച് കുരുക്കിട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തിച്ച നാല്‍പ്പത്തിരണ്ടുകാരനാണ് ആത്മഹത്യ ചെയ്തത്. പ്രാഥമിക നിഗമനം സെക്യൂരിറ്റി ജീവനക്കാരുടെതുള്‍പ്പെടെ നോട്ടപ്പിഴവുണ്ടായെന്നാണ്.