നാദാപുരം : കലാപമുണ്ടാക്കാനായി കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക മന്ദിരം തകര്‍ത്തതിന് പിന്നില്‍ ഡിവൈഎഫ്‌ഐ. മൂന്ന് പ്രവര്‍ത്തകര്‍ പിടിയില്‍. ഡിവൈഎഫ്‌ഐയുടെ തന്നെ രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഇവര്‍ തകര്‍ത്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് എടച്ചേരി ചെക്ക്മുക്കിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്തത്.
താഴെക്കുനി സിടികെ. വിശ്വജിത്ത്, മുടവന്തേരി മുത്തപ്പന്‍ മഠപ്പുരയ്ക്കു സമീപം മൂലന്തേരി എം.സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങണ്ണൂരിലെ ലോക് താന്ത്രിക് ജനതാദള്‍ ഓഫീസും ഇവര്‍ തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് കലാപാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനായാണ് ഇത്. കൂടാതെ ഇരിങ്ങണ്ണൂരില്‍ മുസ്ലിം ലീഗ് ഓഫീസിന് കല്ലെറിയുകയും തൂണേരിയില്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതും ഇതേ സംഘമാണ്.
നാട്ടില്‍ കലാപം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് മൂവര്‍ സംഘം അക്രമ സംഭവങ്ങള്‍ അഴിച്ചുവിട്ടത്. ഇരിങ്ങണ്ണൂരില്‍ മുസ്ലിം ലീഗ് ഓഫീസിനു കല്ലെറിഞ്ഞതും തൂണേരിയില്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തതിന് പിന്നിലും ഇവരാണെന്നും പോലീസ് പറഞ്ഞു.
അതേസമയം നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ഉള്‍പ്പടെ ശ്രമം നടത്തിയിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസ് ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.