കുറ്റ്യാടി : കുറ്റ്യാടിയിലെ അണികളുടെ പ്രതിഷേധത്തിന് വഴങ്ങേണ്ടെന്ന് സി.പി.എം കുന്നുമ്മല്‍, വടകര ഏരിയ കമ്മറ്റികളുടെ തീരുമാനം. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം യോഗം വിളിച്ചത്. കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന മുഹമ്മദ് ഇഖ്ബാൽ സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കുന്നുമ്മല്‍ വടകര ഏരീയ കമ്മറ്റി നേതൃത്വം വിളിച്ചു ചേർത്തത്. കുറ്റ്യാടി സീറ്റ് സംബന്ധിച്ച സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വിശദീകരിച്ചു.
പ്രതിഷേധം തുടരുന്നതിലെ പ്രശ്നവും ചർച്ച ചെയ്തു. പ്രതിഷേധത്തിന് വഴങ്ങി നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളേണ്ട സാഹചര്യമില്ലെന്നാണ് രണ്ട് ഏരിയാ കമ്മറ്റികളിലെ ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്. നേതൃത്വത്തിന്റെ തീരുമാനം എന്താണോ അത് അംഗീകരിക്കും. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവർക്കെതിരെ നടപടി വേണമെന്നും യോഗങ്ങളില്‍ ആവശ്യമുയർന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.മോഹനനും ഭാര്യയും പാർട്ടി നേതാവ് കൂടിയായ കെ.കെ ലതികക്കുമെതിരായ മുദ്രാവാക്യം പ്രതിഷേധത്തിലുയർന്നത് ഒരു തലത്തിലും അംഗീകരീക്കാന്‍ കഴിയില്ലെന്നും അംഗങ്ങള്‍ വ്യക്തമാക്കി.
പാർട്ടി നിലപാട് വിശദീകരിക്കാന്‍ 14 ന് കുറ്റ്യാടിയില്‍ പൊതുസമ്മേളനം ചേരാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റ്യാടിയിലെ പ്രതിഷേധങ്ങളെ സ്വാഭാവിക വൈകാരിക പ്രതികരണമായി കണ്ട സി.പി.എം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലോടെയാണ് നേതൃയോഗം വിളിക്കാനും കർശന നിലപാടെടുക്കുന്നതിലേക്കും നീങ്ങുന്നത്. അതേസമയം കുറ്റ്യാടിയിലെ സ്ഥാനാർഥിയെ കേരള കോണ്‍ഗ്രസ് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സീറ്റു മാറ്റത്തിന്റെ പ്രതീക്ഷ സി.പി.എം പ്രവർത്തകർ കൈവിട്ടിട്ടുമില്ല.