തിരുവനന്തപുരം: തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ ധാരണയായി . കേരള കോണ്‍ഗ്രസിന് കുട്ടനാട് സീറ്റിലുള്ള അവകാശവാദം നിഷേധിക്കില്ല. പകരം തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ഉപതെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാനാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വങ്ങളെ ധരിപ്പിക്കും. കേരളാ കോണ്‍ഗ്രസുകള്‍ ചേരി തിരിഞ്ഞ് തമ്മിലടി രൂക്ഷമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള പുതിയ തീരുമാനം കൈക്കൊണ്ടത് .
ഉപതെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ സീറ്റ് തിരിച്ച് നല്‍കുന്നതിനെകുറിച്ച് ആലോചിക്കും. അതല്ലെങ്കില്‍ മറ്റേതെങ്കിലും സീറ്റ് നല്‍കാനും തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വങ്ങളെ ബോധ്യപ്പെടുത്തും . ഇതിനായി രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും രാഷ്ട്രീയകാര്യ സമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ കുട്ടനാട് സ്ഥാനാര്‍ത്ഥിയായ ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പിജെ ജോസഫിന്റെ പ്രഖ്യാപനം. അതേസമയം സീറ്റ് കേരളാ കോണ്‍ഗ്രസിന്‍റേതാണെന്നും രണ്ടില ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും ജോസ് കെ മാണിയും പറയുന്നു.