കോന്നി : കാടിന്റെ വന്യ സൗന്ദര്യം ആസ്വദിച്ച് കുട്ടവഞ്ചി സവാരി നടത്തുവാൻ എത്തുന്ന സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. മഴയിൽ കല്ലാറ്റിൽ ജല നിരപ്പ് ഉയർന്നത്തോടെ കുട്ടവഞ്ചി ദീർഘ ദൂര സവാരിയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ആണ് ദീർഘ ദൂര സവാരി ആരംഭിച്ചത്. 73300 രൂപയിൽ ഏറെ വരുമാനം ലഭിച്ചു. ദീർഘ ദൂര, ഹ്രസ്വ ദൂര സവാരികൾ ആണ് ഇപ്പോൾ നടക്കുന്നത്. കല്ലാറ്റിൽ ജല നിരപ്പ് ഉയരുമ്പോൾ മാത്രമാണ് ദീർഘ ദൂര സവാരികൾ നടത്തുന്നത്.
ദീർഘ ദൂര സവാരിക്ക് 900 രൂപയും ഹ്രസ്വ ദൂര സവാരിക്ക് 500 രൂപയും ആണ് നിരക്ക്. കുട്ടവഞ്ചി കയറുവാൻ സഞ്ചരികൾ എത്തി തുടങ്ങിയതോടെ മികച്ച വരുമാനമാണ് വനം വികാസ് ഏജൻസിക്ക് ലഭിക്കുന്നത്. കൂടുതലും രാവിലെയും ഉച്ച കഴിഞ്ഞുള്ള സമയങ്ങളിലും ആണ് സഞ്ചരികളുടെ തിരക്ക് അധികവും. സ്വദേശികളും വിദേശികളും അടക്കം ഇവിടെ എത്തുന്നുണ്ട്. കോന്നി ആനത്താവളം സന്ദർശിച്ചതിന് ശേഷം എത്തുന്ന സഞ്ചരികൾ മണ്ണീറ വെള്ള ചാട്ടവും സന്ദർശിച്ചാണ് മടങ്ങുന്നത്.